
തിരുവനന്തപുരം:നാളെ 15 വര്‍ഷം പൂര്‍ത്തിയാവുന്ന 1200 ബസ്സുകളുടെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി സംസ്ഥാന സര്‍ക്കാർ ഉത്തരവിറക്കി. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാർ കേന്ദ്രമന്ത്രി നിധിന് ഗഡ്കരിക്ക് നല്കിയ കത്തിന് ഒരു പ്രതികരണവും ഇല്ലാതെ വന്നതോടെയാണ് സര്‍ക്കാരിന്‍റെ ഇടപടെൽ. ഇത്രയും ബസുകള്‍ നിരത്തിൽ നിന്ന് ഒഴിവാക്കിയാലുള്ള ഭവിഷ്യത്ത് കണക്കിലെടുത്താണ് നടപടിയെന്നാണ് വാദമെങ്കിലും ഉത്തരവ് നിയമപരമായി നിലനില്‍ക്കുമോ എന്ന ആശങ്കയുണ്ട്.
പുതിയ ബസുകള്‍ ഇറാക്കാത്തതിനാൽ തന്നെ വലിയ പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസി നേരിടുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തിൽ വരുമ്പോള്‍ 6200 ബസുകളാണ് ഉണ്ടായിരുന്നത്. 5200 ഷെഢ്യൂളുകളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോള്‍ ഓടുന്നത് 4000 ബസുകള്‍ മാത്രമാണ്. ഇതിനിടെയാണ് 15 വര്‍ഷം പഴക്കമുള്ള 1200 ബസുകളുടെ കാലാവധി ഈ മാസം 30 ന് തീരുന്നത്. കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരം കാലാവധി കഴിഞ്ഞാല് ബസുകള്‍ പൊളിച്ചു മാറ്റണം.ഇത് മുൻകൂട്ടി കണ്ട് പുതിയ ബസുകള്‍ വാങ്ങാൻ കെഎസ് ആര്‍ടിസിക്ക് ബജറ്റ് വിഹിതമായി 92 കോടി രൂപ അനുവദിക്കുമെന്ന് വമ്പൻ പ്രഖ്യാപനം ഉണ്ടായി. പക്ഷെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ ബജറ്റ് വിഹിതം എല്ലാ വകുപ്പുകള്‍ക്കും വെട്ടിക്കുറിച്ചു.
പകുതി പണമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ കെ എസ് ആര്‍ടിസി മാനേജ്മെന്‍റ് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഫയൽ ഇപ്പോഴും ധനകാര്യവകുപ്പിൽ ഉറക്കത്തിലാണെന്ന് മാത്രം.ബസുകള്‍ നിരത്തൊഴിഞ്ഞാൽ സര്‍വീസുകളെ ബാധിക്കും. ജനം നട്ടം തിരിയും. ഇതോടെയാണ്, 15 വര്‍ഷം പിന്നിടുന്ന ബസ്സുകളുടെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടിനല്കണം എന്നാവശ്യപ്പെട്ട് രണ്ടാഴ്ച് മുമ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് കത്ത് നല്‍കിയത്.
സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും പുതിയ ബസുകള്‍ വാങ്ങാൻ പണമില്ലെന്നുമാണ് കത്തിൽ പറയുന്നത്. 15 വര്‍ഷം പിന്നിട്ടെങ്കിലും മിക്ക ബസുകളും നല്ല കണ്ടീഷനിൽ ഉള്ളവയാണ്. അത് കൊണ്ട് കേന്ദ്രം ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷെ ഒരു മറുപടിയും ഉണ്ടായില്ല. ഇതോടെയാണ് പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് ബസുകളുടെ കാലാവധി രണ്ട് വര്‍ൽം കൂടി നീട്ടി ഗതാഗതവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്. കാലാവധി നീടുന്നതിനുള്ള അന്തിമ അധികാരം കേന്ദ്രസര്‍ക്കാരിനാണ് എന്നിരിക്കെ സര്‍ക്കാര്‍ ഉത്തരവിന്‍റെ നിയമസാധുത കോടതി കയറാനും ഇടയുണ്ട്.
'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു'; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam