
തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇന്ന്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. വൈഷ്ണയും പരാതിക്കാരനായ സിപിഎം പ്രവർത്തകനും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഹാജരായി.
ഔദ്യോഗിക രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും മുട്ടട വാർഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു. ഏഴ് വർഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേർത്തത് എന്ന പരാതിയിൽ സിപിഎം പ്രവർത്തകൻ ധനേഷ് ഉറച്ചുനിന്നു. വോട്ട് വെട്ടിയതിനെ കോർപ്പറേഷനും ന്യായീകരിച്ചു. വൈഷ്ണയുടെ കാര്യത്തിൽ ശരിയായ തീരുമാനം എടുക്കണം എന്ന് കഴിഞ്ഞ ദിവസം നിർദേശം നൽകിയ ഹൈക്കോടതി, ഇല്ലെങ്കിൽ സവിശേഷ അധികാരം ഉപയോഗിക്കും എന്നും സൂചിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് കോടതിയെ അറിയിക്കും. വോട്ട് ചേർത്താൽ വൈഷ്ണക്ക് മത്സരിക്കാൻ തടസ്സമുണ്ടാകില്ല.
വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎം നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്‍പ്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. കോര്‍പ്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam