കയ്യിൽ ഫ്രാക്ചറുണ്ടെന്നാണ് ക്ലിനിക്കിലെ സി ടി സ്കാൻ റിപ്പോർട്ടിലെന്ന് എൽദോ എബ്രഹാം

By Web TeamFirst Published Jul 29, 2019, 4:55 PM IST
Highlights

തനിക്ക് പരിക്കേറ്റിട്ടില്ലെന്ന പ്രചാരണം വ്യാപകമാണ്. അത് വ്യാജമാണ്. അത് തെളിയിക്കാനാണ് മെഡിക്കൽ രേഖകളുമായി കളക്ടറെ കാണാനെത്തിയതെന്ന് എൽദോ എബ്രഹാം എംഎൽഎ. പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് റിപ്പോർട്ട് നൽകിയിരുന്നു. 

കൊച്ചി: പൊലീസ് ലാത്തിച്ചാർജിനിടെ തന്‍റെ കയ്യിലേറ്റ പരിക്കിനെക്കുറിച്ചുള്ള കൂടുതൽ മെഡിക്കൽ രേഖകൾ എൽദോ എബ്രഹാം എംഎൽഎ എറണാകുളം ജില്ലാ കലക്ടർക്ക് കൈമാറി. കളക്ടറേറ്റിലെത്തിയാണ് ജില്ലാ കളക്ടർ എസ് സുഹാസിന് രേഖകൾ കൈമാറിയത്. തന്‍റെ കൈയ്ക്ക് പരിക്കേറ്റിട്ടില്ലെന്ന് വ്യാപകമായ പ്രചാരണമുണ്ട്. അത് തെറ്റാണ്. വ്യാജപ്രചാരണത്തിനെതിരായാണ് രേഖകൾ നൽകുന്നതെന്നും എൽദോ മാധ്യമങ്ങളോട് പറഞ്ഞു.

കയ്യ് ഒടിഞ്ഞു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് എൽദോ എബ്രഹാം പറഞ്ഞു. ഫ്രാക്ചർ ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്‍ററിൽ സി ടി സ്കാൻ നടത്തി. അതിൽ ഫ്രാക്ചർ ഉണ്ടെന്നാണ് പറയുന്നത്. ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഇടത് കൈമുട്ടിന് ഫ്രാക്ചർ ഉണ്ടെന്ന് പറഞ്ഞെന്നും എൽദോ എബ്രഹാം പറഞ്ഞു. ഡോക്ടർമാർ പറഞ്ഞത് മാത്രമാണ് താനും പറഞ്ഞതെന്നും എൽദോ എബ്രഹാം വ്യക്തമാക്കി. 

സിപിഐ മാർച്ചിനിടെ എൽദോ എബ്രഹാം എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നായിരുന്നു എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട്. എംഎൽഎയ്ക്ക് മർദ്ദനമേൽക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ജില്ലാ കളക്ടർ മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് സമര്‍പ്പിച്ചു. 

സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചു വരുത്തിയില്ല. എംഎൽഎ അടക്കമുള്ളവരെ മർദ്ദിച്ചത് ശരിയായില്ല. എംഎൽഎയെയും നേതാക്കളെയും തിരിച്ചറിയുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കളക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഞാറയ്‍ക്കൽ സിഐ അടക്കം ചില ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

click me!