നെടുങ്കണ്ടം കസ്റ്റഡി മർദ്ദനം; മരണത്തിലേക്ക് നയിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നുള്ള ആന്തരിക മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

By Web TeamFirst Published Jun 27, 2019, 6:04 PM IST
Highlights

രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ എങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മർദ്ദനത്തിലുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്. രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ എങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മർദ്ദനത്തിലുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതിനിടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് പതിനഞ്ചാം തിയ്യതിയെന്ന പൊലീസ് വാദം തള്ളി ദൃക്സാക്ഷി മൊഴിയും പുറത്ത് വന്നു.

രാജ്കുമാറിന്റെ മരണത്തിന് കാരണം ക്രൂരമർദ്ദനത്തെ തുടർന്നുള്ള ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃത്യസമയത്ത് ചികിത്സ നൽകാത്തത് മൂലം മുറിവുകൾ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് രാജ്കുമാർ മരിച്ചത്. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയിയുണ്ട്. ഇരുകാലുകൾക്കും സാരമായി പരിക്കുണ്ടെന്നും തൊലി അടർന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. ഇതിനിടെ രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദവും പൊളിയുകയാണ്. സാമ്പത്തിക തട്ടിപ്പിനിരയായ നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി.

പൊലീസിന് കൈമാറുമ്പോൾ രാജ്കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷിയായ ആലിസ് പറയുന്നു. ഇതിനിടെ പതിനാറാം തിയ്യതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ രാജ്കുമാറിന്റെ അവസ്ഥ തീരെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാർ വെളിപ്പെടുത്തി. ജയിലിലേക്ക് മാറ്റാൻ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടർമാർ പറഞ്ഞു. ജയിലിൽ എത്തിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു പ്രതിയുടേതെന്ന് പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!