മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം; സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്

By Web TeamFirst Published Feb 23, 2021, 2:50 PM IST
Highlights

ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മാന്നാറിൽ നിന്ന് തട്ടിക്കൊണ്ട് പോയ യുവതി സമ്മതിച്ചിരുന്നു. എട്ട് മാസത്തിനിടയിൽ മൂന്ന് തവണ സ്വർണം എത്തിച്ചെന്നായിരുന്നു യുവതിയുടെ മൊഴി.

ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മാന്നാർ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. ബിന്ദുവിന്‍റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം യുവതിയെ ചോദ്യം ചെയ്തു. ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതി തന്നെ സമ്മതിച്ചിരുന്നു. എട്ട് മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം എത്തിച്ചു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മാന്നാർ സ്വദേശി പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമിസംഘത്തിന് യുവതിയുടെ വീട് കാണിച്ചു കൊടുത്തത്. കേസുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശികളായ രണ്ട് പേരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. യുവതിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് ആണെന്ന് പൊലീസ് പറഞ്ഞു. സംഭവ തലേന്ന് രാജേഷ് യുവതിയെ ഭീഷണിപ്പെടുത്തി. ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. കൊടുവള്ളി സ്വദേശിയായ ഹനീഫക്ക് വേണ്ടിയാണ് സംഘം സ്വർണം കടത്തിയത്.

click me!