
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനും ചട്ടലംഘനങ്ങൾ തടയുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്കരിച്ച സംവിധാനമാണ് 'സി-വിജിൽ' (cVIGIL) മൊബൈൽ ആപ്പ്. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുകയോ മദ്യം വിതരണം ചെയ്യുകയോ ചെയ്യുന്നതുൾപ്പെടെയുള്ള ഏത് നിയമവിരുദ്ധ പ്രവർത്തനങ്ങളും ഇനി പൊതുജനങ്ങൾക്ക് നേരിട്ട് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താം. പരാതി ലഭിച്ചാൽ വെറും നൂറ് മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കുമെന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകരാകാൻ അവസരം നൽകുന്ന ഒരു ആൻഡ്രോയിഡ്/ഐഒഎസ് ആപ്ലിക്കേഷനാണിത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആർക്കും ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ ഈ ആപ്പ് സജീവമായിരിക്കും. വോട്ടർമാർക്ക് പണം നൽകുക, മദ്യവിതരണം, അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിക്കുകയോ ബാനറുകൾ സ്ഥാപിക്കുകയോ ചെയ്യുക, പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുക, മതപരമോ ജാതീയമോ ആയ വിദ്വേഷം പടർത്തുക തുടങ്ങി പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുന്ന ഏത് ലംഘനത്തിനെതിരെയും ഇതിലൂടെ പരാതി നൽകാം.
സി-വിജിൽ ആപ്പ് ഉപയോഗിച്ച് പരാതി നൽകുന്നത് വളരെ ലളിതമാണ്. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ആപ്പിലെ ക്യാമറ ബട്ടൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ മാത്രം മതി. പരമാവധി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയോ അല്ലെങ്കിൽ ഫോട്ടോയോ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. ആപ്പ് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുമ്പോൾ തന്നെ ജിപിഎസ് സംവിധാനം വഴി ലൊക്കേഷൻ താനേ രേഖപ്പെടുത്തപ്പെടും. ഇത് കൃത്യമായ സ്ഥലം കണ്ടെത്താൻ അധികൃതരെ സഹായിക്കുന്നു. എന്നാൽ, ഫോൺ ഗാലറിയിലുള്ള പഴയ ഫയലുകളോ എഡിറ്റ് ചെയ്ത ദൃശ്യങ്ങളോ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല എന്നത് ഇതിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. തത്സമയം പകർത്തിയ ദൃശ്യങ്ങൾ മാത്രമേ പരാതിയായി സ്വീകരിക്കുകയുള്ളൂ. സംഭവത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.
പരാതി നൽകുന്ന വ്യക്തിയുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ആപ്പിലുണ്ട്. പേരും വിവരങ്ങളും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് അജ്ഞാതനായി (Anonymous) പരാതി സമർപ്പിക്കാം. ഇത്തരത്തിൽ പരാതി നൽകുമ്പോൾ പരാതിക്കാരന്റെ ഫോൺ നമ്പറോ മറ്റ് വിവരങ്ങളോ ഉദ്യോഗസ്ഥർക്ക് ലഭ്യമാകില്ല. അതേസമയം, വിവരങ്ങൾ നൽകുന്നവർക്ക് തങ്ങളുടെ പരാതിയുടെ പുരോഗതി അറിയാൻ ഒരു 'യുണീക് ഐഡി' ലഭിക്കും. ഇത് ഉപയോഗിച്ച് നടപടികൾ ഏത് ഘട്ടത്തിലാണെന്ന് നിരീക്ഷിക്കാൻ സാധിക്കും.
സി-വിജിൽ ആപ്പ് വഴിയുള്ള പരാതികളിൽ നടപടി സ്വീകരിക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. സബ്മിറ്റ് ബട്ടൺ അമർത്തുന്നതോടെ പരാതി ജില്ലാ കൺട്രോൾ റൂമിലെത്തും. അഞ്ച് മിനിറ്റിനുള്ളിൽ ഈ വിവരം ബന്ധപ്പെട്ട ഫീൽഡ് യൂണിറ്റിന് കൈമാറും. പതിനഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഫ്ലയിങ് സ്ക്വാഡോ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡോ സംഭവസ്ഥലത്തെത്തും. സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകുന്നതോടെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കും. പരാതി നൽകി പരമാവധി 100 മിനിറ്റിനുള്ളിൽ എന്ത് നടപടി എടുത്തു എന്ന മറുപടി പരാതിക്കാരന് ആപ്പിലൂടെ തന്നെ ലഭ്യമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam