
മലപ്പുറം: മലപ്പുറത്തെ ശൈശവ വിവാഹ നീക്കത്തില്‍ ശക്തമായ നിയമ നടപടി തുടരുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി). പഠിക്കാൻ മിടുക്കിയായ പതിനാലുകാരി പെൺകുട്ടിക്ക് തുടർ പഠനമടക്കം എല്ലാ സംരക്ഷണവും ഒരുക്കുമെന്നും (സിഡബ്ല്യുസി അംഗം അഡ്വ. പി ജാബിർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാറാക്കര മരവട്ടം പത്തായക്കലില്‍ ഒമ്പതാം ക്ലാസ് വിദ്യര്‍ത്ഥിയായ പതിനാല് വയസുകാരിയുടെ വിവാഹ നിശ്ചയമാണ് കഴിഞ്ഞ ദിവസം പൊലീസെത്തി തടഞ്ഞത്. പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ചയാണ് പതിനാല് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹനിശ്ചയം തീരുമാനിച്ചിരുന്നത്. ഇതിനായി വരന്‍റെ വീട്ടുകാരും ചില ബന്ധുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ കാടാമ്പുഴ പൊലീസ് ചടങ്ങ് തടഞ്ഞു. പിന്നാലെ കേസും രജിസ്റ്റര്‍ ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും അയാളുടെ വീട്ടുകാര്‍ക്കും ചടങ്ങിനെത്തിയ പത്ത് പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. വിവാഹമുറപ്പിക്കല്‍ നടക്കുന്നുവെന്നറിഞ്ഞ് സമീപത്തെ ഒരു സാമൂഹ്യ പ്രവര്‍ത്തക രണ്ട് ദിസവം മുമ്പ് പെൺകുട്ടിയുടെ വീട്ടിലെത്തി ഇത് നിയമ വിരുദ്ധമാണെന്നും പിൻമാറണമെന്നും പറഞ്ഞിരുന്നു. സാമ്പത്തിക പ്രയാസത്തിലാണെന്നും പിതാവ് സംരക്ഷിക്കാനാല്ലാത്ത കുട്ടിയെ വേഗത്തില്‍ വിവാഹം ചെയ്തു വിടുകയല്ലാതെ മറ്റ് വഴിയില്ലെന്നും പറഞ്ഞ് വീട്ടുകാര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു.
പ്രായപൂര്‍ത്തിയായ പ്രതിശ്രുത വരൻ കൂലിപണിക്കാരനാണ്. നന്നായി പഠിക്കുന്ന പെൺകുട്ടിക്ക് ഇപ്പോള്‍ വിവാഹത്തോട് താത്പര്യമുണ്ടായിരുന്നില്ല. അത് വീട്ടുകാരെ അറിയിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. അമ്മ നിര്‍ബന്ധിച്ചപ്പോള്‍ വിവാഹത്തിന് സമ്മതിച്ചെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. പഠിക്കണമെന്നും സഹായിക്കണമെന്നും പെൺകുട്ടി പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് അറിയിച്ചതനുസരിച്ച് സിഡബ്ല്യുസി പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രമായ സ്നേഹിതയിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam