
തിരുവനന്തപുരം: എംഎൽഎ സച്ചിൻ ദേവുമായുള്ള (Sachin Dev) വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് (Mayor Arya Rajendran) നേരെ സൈബർ ആക്രമണം (Cyber Attack). ആര്യയുടെ കോളേജ് ജീവിതവും സൌഹൃദങ്ങളുമടക്കം വലിച്ചിഴച്ചാണ് വലത് - കോൺഗ്രസ് പ്രൊഫൈലുകളിൽ നിന്നടക്കം ആക്രമണം നടക്കുന്നത്.
ഇന്നലെ വിവാഹ വാർത്ത പുറത്തുവന്നതിന് ശേഷം മേയർ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് പ്രധാനമായും ആക്രമണം. അനുപമയ്ക്ക് നേരെ സൈബർ ആക്രമണം നടത്തിയ സഖാക്കൾ ആര്യയെ ആഘോഷിക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളാണ് ചിലത്. അനുപമയെ ആര്യയുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളിൽ അനുപമ വിഷയത്തിൽ ആര്യ അടക്കമുളള ഇടത് വനിതാ നേതാക്കൾ പ്രതികരിക്കാഞ്ഞതെന്തന്ന ആരോപണവും ഉയർത്തുന്നുണ്ട്.
''എല്ലാം പെർഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവർഷം നടത്തിയ സഖാക്കന്മാർ ഇവിടെ കമോൺ. തൊട്രാ പാക്കലാം😏 ''- എന്ന പോസ്റ്റുമായി ആദ്യം എത്തിയത് കോൺഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണയാണ്. ഈ പോസ്റ്റിന് താഴെയാണ് മേയർ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പ്രയോഗങ്ങൾ നടക്കുന്നത്.
മേയർ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരാകുന്നു
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും (Mayor Arya Rajendran) കോഴിക്കോട്, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും (Sachin Dev MLA) വിവാഹിതരാകുന്നു (Marriage). വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വിവാഹത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായി. ബാലസംഘം എസ്എഫ്ഐ കാലഘട്ടം മുതൽ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോൾ വിവാഹത്തിലെത്തിച്ചിരിക്കുന്നത്.
'എസ്എഫ്ഐ മുതൽ പരിചയം, വിവാഹം ഉടനുണ്ടാകില്ല, പാർട്ടിയും വീട്ടുകാരും തീരുമാനിക്കും': മേയർ ആര്യ
''ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്.രണ്ട് പേർക്കും കുടുംബവും പാർട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൌഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പറയുന്നു. 'വിവാഹം സമയമെടുത്തു ആലോചിച്ച് നടത്തേണ്ട കാര്യമാണ്. ഞങ്ങൾ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ട് കുടുംബവും തമ്മിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാൽ പാർട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം. ഇരുവരും ജനപ്രതിനിധികളാണ്. എന്റെ പഠനവും പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ഉടനെ വിവാഹമുണ്ടാകില്ല - ആര്യ പറയുന്നു.
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഒരുമിച്ച് ജീവിക്കാനുള്ള ഇരുവരുടേയും തീരുമാനത്തെ കുടുംബാംഗങ്ങൾ കൂടി പിന്തുണക്കുകയായിരുന്നു. കോഴിക്കോട് നിന്നും സച്ചിന്റെ കുടുംബം തിരുവനന്തപുരത്തെത്തി ആര്യയുടെ വീട്ടുകാരുമായി കല്യാണക്കാര്യം ഔദ്യോഗികമായി സംസാരിച്ചു ധാരണയിലെത്തിയിട്ടുണ്ട്. ഇനി പാർട്ടി അനുമതിയോടെ തിയ്യതി ഉറപ്പിക്കൽ മാത്രമാണ് ബാക്കി.
ബാലുശ്ശേരിയിൽ കന്നി അങ്കത്തിനിറങ്ങിയ സച്ചിൻ ദേവിന്റെ പ്രചാരണത്തിനായി ആര്യയെത്തിയത് തെരഞ്ഞെടുപ്പ് കാലത്തെ വാർത്തയായിരുന്നു. കോഴിക്കോട് സ്വദേശിയായ സച്ചിൻ നിലവിൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടരിയായിരിക്കെയാണ് ബാലുശ്ശേരിയിൽ നിന്നും 28 മത്തെ വയസിൽ നിയമസഭയിലേക്കെത്തുന്നത്. സച്ചിനിപ്പോൾ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ഓൾ സെയിൻറ്സ് കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ 21 ആം വയസ്സിലാണ് ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകുന്നത്. നിലവിൽ എസ്എഫ്ഐ സംസ്ഥാന സമിതി അംഗമാണ് ആര്യ.