ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റാകും, കേരളത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം, അതിശക്ത മഴയ്ക്ക് സാധ്യത,

By Web TeamFirst Published Nov 30, 2020, 11:44 AM IST
Highlights

ഡിസംബർ 2ന് ശ്രീലങ്കൻ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്നാട് തീരം തൊടും. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തി. 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറാമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ 2ന് ശ്രീലങ്കൻ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്നാട് തീരം തൊടും. അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മുന്നൊരുക്കം ശക്തമാക്കി. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തി.

നിവാറിന് പിന്നാലെയാണ് ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്കെത്തുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്നുതന്നെ തീവ്ര ന്യൂനമമർദമായി മാറി ചുഴലിക്കാറ്റായാണ് ഡിസംബർ 3ന് തമിഴ്നാട് തീരം തൊടുക. ഓഖി അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ മുന്നൊരുക്കങ്ങൾ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ യെല്ലോ അലർട്ടും മറ്റന്നാൾ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 

ബുറേവി ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാനിടയില്ല. എങ്കിലും നാളെ മുതൽ നാലുവരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കണം. ഡിസംബർ രണ്ടിന് തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകും. ഡിസംബർ രണ്ടിനും നാലിനുമിടയ്ക്ക് കേരള തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.  3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകും. രണ്ടാം തിയതിയോടെ 80 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റു വീശാനിടയുണ്ട്. 

ശക്തമായ കാറ്റുണ്ടാകുമെന്നതിനാൽ സുരക്ഷിതമല്ലാത്ത മേൽക്കൂരകൾക്ക് കീഴിൽ നിന്ന് മാറണം.  ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര വിലക്കി.  മഴ ശക്തമായാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ,വെള്ളക്കെട്ട് എന്നിവയ്ക്കും സാധ്യത മുന്നിൽകാണുന്നു. ഡാമുകളിലെയും നദികളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാൻ നിർദേശം നൽകി. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കം.

click me!