കൊച്ചിയിലെ വ്യവസായില്‍ നിന്ന് 25 കോടി തട്ടിയ കേസ്; പിന്നില്‍ സൈപ്രസ് മാഫിയ, തട്ടിപ്പ് സംഘത്തിൽ ഒന്നിലേറെ മലയാളികൾ ഉണ്ടെന്നും സൂചന

Published : Sep 06, 2025, 09:02 AM IST
കൊച്ചിയിലെ വ്യവസായില്‍ നിന്ന് 25 കോടി തട്ടിയ കേസ്; പിന്നില്‍ സൈപ്രസ് മാഫിയ, തട്ടിപ്പ് സംഘത്തിൽ ഒന്നിലേറെ മലയാളികൾ ഉണ്ടെന്നും സൂചന

Synopsis

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൊച്ചിയിലെ വ്യവസായിയെ കബളിപ്പിച്ച് 25 കോടിയുടെ സൈബർ തട്ടിപ്പിന് പിന്നില്‍ സൈപ്രസ് മാഫിയ

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൊച്ചിയിലെ വ്യവസായിയെ കബളിപ്പിച്ച് 25 കോടിയുടെ സൈബർ തട്ടിപ്പിന് പിന്നില്‍ സൈപ്രസ് മാഫിയ. തട്ടിപ്പിന് പിന്നിലെ ആസൂത്രണം നടന്നത് യൂറോപ്പ്യൻ രാജ്യമായ സൈപ്രസിൽ എന്നാണ് പൊലീസിന്റെ നിഗമനം. കാലിഫോർണിയിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത് എങ്കിലും ഇടപാടുകാരെ സമീപിക്കുന്ന കോൾ സെന്‍റർ പ്രവർത്തിക്കുന്നത് സൈപ്രസിലാണ്. തട്ടിപ്പ് സംഘത്തിൽ ഒന്നിലേറെ മലയാളികൾ ഉണ്ടെന്ന നിഗമനവും പൊലീസിനുണ്ട്. തട്ടിപ്പു നടത്തിയ ക്യാപ്പിറ്റാലെക്സ് എന്ന സ്ഥാപനത്തിനെതിരെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ദുബായ് അടക്കം ചില വിദേശരാജ്യങ്ങളിലും പരാതികൾ ഉണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പല ഘട്ടങ്ങളിലായി തട്ടിയെടുത്ത 26 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യയിലെ ഒരു ബാങ്കിൻറെ വിവിധ അക്കൗണ്ടുകളിലാണ്. ഡാനിയേൽ എന്ന് പരിചയപ്പെടുത്തിയ മലയാളിയും ഇടപാടുകാരനുമായി വ്യവസായി ആശയവിനിമയം നടത്തിയിരുന്നു. ആശയവിനിമയങ്ങൾ എല്ലാം നടന്നത് ടെലഗ്രാമിലൂടെയായിരുന്നു. ഷെയർ ട്രേഡിങ്ങിനായി നൽകിയ ആപ്ലിക്കേഷനും തട്ടിപ്പായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ കാലിഫോര്‍ണിയയില്‍ റജിസ്റ്റര്‍ ചെയ്ത ക്യാപിറ്റാലിക്സ് കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യാന്തര സൈബര്‍ തട്ടിപ്പുകളില്‍ നേരത്തെയും പ്രതിസ്ഥാനത്ത് വന്ന കമ്പനിയാണ് ക്യാപിറ്റാലിക്സ്. എഫ്ഐആറില്‍ പ്രതി ചേര്‍ത്ത ഡാനിയലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സങ്കീര്‍ണമായ സൈബര്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രാജ്യം കണ്ട എറ്റവും വലിയ സൈബര്‍ തട്ടിപ്പിന്‍റെ ചുരുളഴിക്കാന്‍ പൊലീസിന് മുന്നിലുള്ളത് വന്‍ വെല്ലുവിളികളാണ്. കൊച്ചി എളംകുളം കുമാരനാശാന്‍ നഗറില്‍ താമസിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയെ പറ്റിച്ച് 2023 മാര്‍ച്ച് മുതല്‍ 2025 വരെയുള്ള കാലയളവിലാണ് 25 കോടി രൂപ സൈബര്‍ കൊള്ളസംഘം തട്ടിയെടുത്തത്. ക്യാപിറ്റാലിക്സ്.കോം എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തിയാല്‍ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി ക്യാപിറ്റാലിക്സ് ബോട്ട് എന്ന ടെലഗ്രാം അക്കൗണ്ടും ഉപയോഗിച്ചു.

അമേരിക്കയിലെ കാലിഫോര്‍ണിയ മേല്‍വിലാസത്തിലുള്ള കമ്പനിയാണ് ക്യാപിറ്റാലിക്സ് എന്ന് പൊലീസ്. നേരത്തെയും രാജ്യാന്തര തലത്തില്‍ നിരവധി സൈബര്‍ തട്ടിപ്പുകളില്‍ പ്രതിസ്ഥാനത്ത് വന്ന കമ്പനിയാണ് ഇത്. ഗൂഗിളില്‍ ഒന്ന് പരിശോധിച്ചിരുന്നെങ്കില്‍ പരാതിക്കാരന് അത് വ്യക്തമായേനെ എന്നും അന്വേഷണസംഘം പ്രതികരിക്കുന്നത്. കമ്പനി യഥാര്‍ഥമാണോ, ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തുന്നുണ്ടോ, ഇന്ത്യയില്‍ ക്യാപിറ്റാലിക്സിന് റജിസ്ട്രേഷന്‍ ഉണ്ടോ എന്ന് പരിശോധിക്കണം. ഡാനിയല്‍ എന്ന പേരില്‍ മലയാളം സംസാരിക്കുന്നൊരാള്‍ കമ്പനിയുടെ ഭാഗത്തു നിന്ന് സംസാരിച്ചെന്നും പിന്നീട് അയാള്‍ വഴിയാണ് ഇടപാടുകള്‍ നടന്നതെന്നുമുള്ള പരാതിക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്ആറില്‍ പ്രതിസ്ഥാനത്ത് ഡാനിയല്‍ എന്ന പേര് ചേര്‍ത്തിട്ടുണ്ട്.

ഇങ്ങനെയൊരാളുണ്ടോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. മൂന്ന് ബാങ്കുകളിലൂടെ 96 തവണ നടന്ന ഇടപാടുകളിലാണ് പരാതിക്കാരന് 25 കോടി രൂപ നഷ്ടമായത്. പണം പോയിരിക്കുന്നതെല്ലാം ഇന്ത്യയിലെ അക്കൗണ്ടുകളിലേക്കാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബാങ്ക് ഇടപാടിന്‍റെ വിവരങ്ങളെല്ലാം രണ്ട് ദിവസത്തിനുള്ളില്‍ ശേഖരിക്കാന്‍ സാധിക്കും. ശേഷം പരാതിക്കാരനുമായി തട്ടിപ്പുസംഘം ഫോണ്‍ വഴിയും സമൂഹമാധ്യമ പേജുകള്‍ വഴിയുമെല്ലാം നടത്തിയ ആശയവിനിമയങ്ങളുടെ പൂര്‍ണവിവരങ്ങളും ശേഖരിക്കണം. സങ്കീര്‍ണമായ കേസായതിനാല്‍ പ്രത്യേക അന്വേഷണസംഘത്തെ തന്നെ രൂപീകരിച്ചാണ് സൈബര്‍ പൊലീസിന്‍റെ മുന്നോട്ട് പോക്ക്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ