
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന വിധത്തില്‍ ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വെറും നുണപ്രചരണവുമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രശ്നങ്ങള്‍ നിരവധിയാണ് ഉടലെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ കൂടുതൽ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നാണ് ഹൈക്കമാന്‍റ് നിലപാട്. സാമുദായിക പരിഗണനക്കൊപ്പം കഴിവും സംഘടനാ മികവും ആയിരിക്കണം മാനദണ്ഡമെന്ന് ഹൈക്കമാന്‍റ് നിര്‍ദ്ദേശിച്ചു.
എന്നാല്‍, ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയതിന് പിന്നാലെ പ്രതിഷേധവുമായി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരളത്തിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് നീക്കമെന്ന് ഹൈക്കമാന്‍റിനെ നേതാക്കൾ പരാതി അറിയിച്ചു. ഡിസിസി ഭാരവാഹികളെ ഏകപക്ഷീയമായി തീരുമാനിക്കാനുള്ള സുധാകരന്‍റെയും സതീശന്‍റെയും നീക്കത്തോട് സഹകരിക്കില്ലെന്ന നിലപാട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍റിനെ അറിയിച്ചത്. കൂടിയാലോചന നടത്താതെ പ്രത്യേക ഗ്രൂപ്പുണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിമര്‍ശനവും ഉമ്മൻചാണ്ടിയും രമേശ് ചെന്നത്തയും ഉയര്‍ത്തുന്നു.
എല്ലാവരേയും പൂർണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്നാണ് ഇന്ന് കെ മുരളീധരൻ പ്രതികരിച്ചത്. ജില്ലാ കോൺഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്‍റെ നിർദേശങ്ങൾ ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona