പുത്തുമല ഉരുൾപൊട്ടൽ: 6 മാസം മുൻപ് കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല; ഡിഎൻഎ ഫലം വൈകുന്നു

By Web TeamFirst Published Sep 2, 2020, 7:06 AM IST
Highlights

ദുരന്തം നടന്ന് ആറ് മാസത്തിന് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെ പുഴയിൽ നിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെടുത്തു. ഈ മൃതശരീരം ആരുടെ ആണെന്ന് തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധനക്ക് അയച്ചത്. 

വയനാട്: വയനാട് പുത്തുമലയിലെ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ചയാളുടെ ഡിഎൻഎ പരിശോധനാ ഫലം ഇനിയും വന്നില്ല. ദുരന്തം ഉണ്ടായി ആറ് മാസത്തിന് ശേഷവും കണ്ടെടുത്ത മൃതദേഹം തിരിച്ചറിയാഞ്ഞതിനെ തുടര്‍ന്നാണ് ഡിഎൻഎ പരിശോധനക്ക് അയച്ചത്. അഞ്ച് പേരെയാണ് കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ കാണാതായത്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് പുത്തുമല ഗ്രാമത്തിലെ 57 വീടുകൾ പൂർണമായി മണ്ണെടുത്തു പോയ ദുരന്തം ഉണ്ടായത്. ആ അപകടത്തില്‍ 17 പേരായിരുന്നു അകപ്പെട്ടത്. ഇതിൽ 12 പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ആറ് മാസത്തിന് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെ പുഴയിൽ നിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെടുത്തു. ഈ മൃതശരീരം ആരുടെ ആണെന്ന് തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധനക്ക് അയച്ചത്. കാണാതായ അഞ്ച് പേരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചു. ബന്ധുക്കളെ പല തവണ പൊലീസ് സ്റ്റേഷനിലേക്ക് വളിച്ചു വരുത്തി. എന്നാൽ തുടർ നടപടി ഉണ്ടായില്ല. കണ്ണൂരിലെ ഫോറൻസിക് ലാബിൽ നിന്ന് ഫലം ലഭിച്ചില്ലെന്ന മറുപടിയാണ് ഇവർക്ക് കിട്ടിയത്. 

ഫലം വേഗത്തിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാണാതായവരുടെ ബന്ധുക്കൾ വയനാട് എസ്പിക്ക് അപേക്ഷ നൽകിയിരുന്നു. ഫോറൻസിക് ഡയറക്ട്രേറ്റിൽ നിന്ന് ഫലം കോടതിലേക്ക് അയച്ചിട്ടുണ്ടെന്നും കൊവിഡ് നിയന്ത്രണം ഓണം അവധിയും വന്നതിലാണ് ഇക്കാര്യത്തിൽ കാലതാമസം നേരിട്ടതെന്നും വയനാട് എസ്പി ആർ ഇളങ്കോ അറിയിച്ചു. കാണാതായവർ മരിച്ചതായി കണക്കാക്കി ഇവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം കൈമാറിയിരുന്നു.

click me!