
കൊച്ചി: സമൂഹവും കുടുംബവും അരക്ഷിതമാകുമ്പോൾ ഒളിച്ചോടാനാകാതെ പ്രാണഭയം അനുഭവിക്കുന്നത് കുട്ടികളാണ്. സംസ്ഥാനത്തിന്‍റെ അതിർത്തി മേഖലയായ വാളയാറിൽ മാത്രം 2012 മുതൽ 2022 വരെ പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തൽ. ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടികളും സ്ത്രീകളും അസാധാരണ കരുത്ത് കാട്ടി മുന്നോട്ട് നടക്കാൻ ശ്രമിക്കുമ്പോഴും സർക്കാ സംവിധാനങ്ങളുടെ പിന്തുണ പരിമിതമാണ്. സംസ്ഥാനത്തേക്ക് വികസനമെത്തിക്കുന്ന വ്യവസായ ഇടനാഴിയുടെ തുടക്കമാണ് വാളയാർ. എന്നാൽ വികസന പാതയുടെ ഇടം വലം സാമൂഹികമായും സാമ്പത്തികമായും പിന്തള്ളപ്പെട്ട് മുറിവേറ്റ മനുഷ്യരുടെ താവളം കൂടിയാണ്. പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരായ പെൺകുഞ്ഞുങ്ങൾ. അവർ ആത്മഹത്യ ചെയ്തതോ അതോ കൊല്ലപ്പെട്ടതോ.ആത്മഹത്യയെന്ന സിബിഐ കണ്ടെത്തൽ കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഒരു കാര്യം തെളിഞ്ഞതാണ്. അവരിരുവരും തുടർച്ചയായി ക്രൂരമായ ലൈംഗിക പീഡനം നേരിട്ടാണ് അകാലത്തിൽ കൊഴിഞ്ഞത്.
വാളയാർ അട്ടപ്പള്ളത്ത് വെച്ചാണ് എഷ്യാനെറ്റ് ന്യൂസ് സംഘം ആ പെൺകുട്ടിയെ കാണുന്നത്. വാളയാർ പെൺകുട്ടികൾ മരിച്ച 2017, അതേ വർഷമാണ് അന്ന് 13 വയസ്സുകാരിയായിരുന്ന ഈ പെൺകുട്ടിയെ സഹോദരിയുടെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചത്. ഇന്നവൾക്ക് 20 വയസ്. ആറു വയസ്സും രണ്ടു വയസ്സുള്ള മക്കളുടെ അമ്മയും 5 മാസം ഗർഭിണിയും. 13 ആം വയസ്സിൽ കോയമ്പത്തൂരിൽ ചേച്ചിയുടെ വീട്ടിൽ വെച്ചായിരുന്നു പീഡനം. അടുത്ത വർഷം 14ആം വയസ്സിൽ അയൽവാസിയിൽ നിന്ന് ഗർഭിണിയായി. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി കുഞ്ഞുമായി നിർഭയ കേന്ദ്രത്തിൽ. കുഞ്ഞായതോടെ പഠനം മുടങ്ങി. 18 ആം വയസ്സിൽ വീട്ടിൽ തിരിച്ചെത്തി. കുട്ടിയുടെ അച്ഛനായ വ്യക്തിയുമായി പ്രായപൂർത്തിയായ ശേഷം വിവാഹം. വീണ്ടും ഗർഭിണി. ഒടുവിൽ മാസങ്ങൾക്ക് മുൻപാണ് പോക്സോ കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് തമിഴ്നാട് പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. കൈയ്യിൽ പണമില്ല. നടപടികൾ പൂർത്തിയാക്കാൻ വൈകുന്നതോടെ ഭർത്താവ് ജയിലിൽ തന്നെ തുടരുന്നു. ഗർഭിണിയായ പെൺകുട്ടിയുടെ ദുരിതവും. വീടുകളിലെ കുട്ടികളുടെ അരക്ഷിതാവസ്ഥ ചിലപ്പോൾ അദ്ധ്യാപകരുടെയും നേർക്കാഴ്ചയ്ക്കപ്പുറമാണ്. കുട്ടികൾ ലൈംഗിക ചൂഷണം നേരിട്ടതായി ഒരു സൂചനയുമുണ്ടായിരുന്നില്ലെന്ന് വാളയാറിൽ മരിച്ച 13 വയസ്സുകാരിയുടെ അധ്യാപിക പ്രതികരിച്ചത്.
വാളയാറിൽ തന്നെയാണ് ഈ 47 വയസ്സുകാരിയെയും ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടത്. എച്ച് ഐ വി ബാധിതയാണ്. 2007ലാണ് ഭർത്താവ് എച്ച് ഐ വി പൊസീറ്റിവാകുന്നത്. തന്നിലേക്കും രോഗമെത്തിയെന്ന് അറിഞ്ഞ ഉടനെ തന്നെ ഭർത്താവ് മരിച്ചു. രണ്ട് പെൺമക്കളുമായി ജീവിതം കൂട്ടി മുട്ടിക്കുന്നതിനിടെ 2017ലാണ് ബന്ധുവായ വ്യക്തി ഇളയ മകളെ ലൈംഗികമായി പീഡിപ്പിച്ചത്. അവിടുന്നിങ്ങോട്ടും വീഴാതെ പിടിച്ച് നിന്നു. ചികിത്സയ്ക്ക് പോലും പണമില്ലാതെ കടുത്ത ദാരിദ്രത്തിലും തകരുന്ന മാനസിക ആരോഗ്യത്തിലും. വാളയാർ ഉൾപ്പെടുന്ന പുതുശ്ശേരി പഞ്ചായത്തിൽ മാത്രം ഏറ്റവും കുറഞ്ഞത് 70എച്ച് ഐ വി ബാധിതരുണ്ടെന്നാണ് കണക്ക്. ജില്ലയ്ക്ക് പുറത്ത് ചികിത്സ തേടുന്നവരും കൂട്ടായ്മയിൽ വിവരം പങ്ക് വയ്ക്കാത്തവരുമായി യഥാർത്ഥത്തിൽ എണ്ണം ഇതിലും വളരെ കൂടുതലാണ്. സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് ബന്ധുക്കളിൽ നിന്നോ, വീടുമായി അടുപ്പമുള്ളവരിൽ നിന്നോ എന്നാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്ക്. കൊല്ലം കുണ്ടറയിൽ 2017ജനുവരിയിലാണ് പത്ത് വയസ്സുകാരി ജനലിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത മുത്തച്ഛനെ ഏറെ വിവാദങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തെങ്കിലും ഏഴ് വർഷമെടുത്തു വിചാരണ പൂർത്തിയാക്കി ശിക്ഷിക്കാൻ.