എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഒരാണ്ട്; പരസ്യ വിമര്‍ശനവും കുത്തുവാക്കുകളും, വാ വിട്ട വാക്കിന്‍റെ വിലയായി ഒരു ജീവന്‍

Published : Oct 15, 2025, 07:25 AM IST
naveen babu kannur adm

Synopsis

പരസ്യ വിമര്‍ശനത്തിലും കുത്തുവാക്കുകളിലും മനംനൊന്ത് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം

തിരുവനന്തപുരം: പരസ്യ വിമര്‍ശനത്തിലും കുത്തുവാക്കുകളിലും മനംനൊന്ത് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. വാവിട്ട വാക്ക്, ഒരു ഉദ്യോഗസ്ഥന്‍റെ മരണവും, രാഷ്ട്രീയ നേതാവിന്‍റെ പതനവുമാണ് ബാക്കിയാക്കിയത്. 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് നാലുമണിക്ക് സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് റവന്യു ഉദ്യോഗസ്ഥരുടെ യാത്രയയപ്പിലേക്കാണ് ക്ഷണമില്ലാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും.

ദിവ്യയുടെ വാക്കുകളാണ് നവീന്‍ ബാബുവിന്‍റെ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്. രാത്രി 8.45 ന് മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീന്‍ ബാബു, കണ്ണൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് എത്തിയെങ്കിലും ട്രയിന്‍ കയറിയില്ല. പിറ്റേന്ന് രാവിലെ ഏഴുമണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ഡ്രൈവര്‍ എത്തിയപ്പോള്‍ കണ്ടത് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയിലാണ്. യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പരാമര്‍ശം അപ്പോഴേക്കും നാടെങ്ങും പടര്‍ന്നിരുന്നു.

രണ്ടാംനാള്‍ ആത്മഹത്യാപ്രേരണാ കുറ്റത്തിന് സിപിഎം നേതാവ് കൂടിയായ പിപി ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധം പിന്നെയും കനത്തു. സമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്‍റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തു. ഒക്ടോബര്‍ 29 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.പി ദിവ്യ പൊലീസില്‍ കീഴടങ്ങി.

രാഷ്ട്രീയ സമ്മര്‍ദം ഏറിയതോടെ സംരക്ഷണം അവസാനിപ്പിച്ച്, നവംബര്‍ 7 ന് പിപി ദിവ്യയ്ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടി വന്നു. അതിന്‍റെ പിറ്റേന്ന് ജാമ്യം കിട്ടിയപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ ജയിലിന് മുന്നില്‍ സ്വീകരിക്കാന്‍ എത്തി. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് അനുമതി ലഭിക്കാനായി നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പ്രതിരോധവുമായി സംരഭകനായ ടിവി പ്രശാന്തന്‍ തുടക്കം മുതല്‍ രംഗത്തുവന്നിരുന്നു. അതിലൂന്നി പിന്നീട് പിപി ദിവ്യ പ്രതിരോധം ശക്തമാക്കി. ദിവ്യയുടെ ബെനാമിയാണ് പ്രശാന്തനെന്ന പ്രത്യാരോപണവും ശക്തമാണ്.അ‍ഞ്ചുമാസത്തെ അന്വേഷണത്തിന് ഒടുവില്‍ പിപി ദിവ്യയെ ഏക പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കലക്ടര്‍ അരുണ്‍ കെ വിജയന്‍റെ മൊഴി ഉള്‍പ്പടെ പുറത്ത് വന്നിരുന്നു. യാത്രയയപ്പ് കഴിഞ്ഞ് നവീന്‍ ബാബു തന്നെ കാണാന്‍ വന്നുവെന്നും ഇക്കാര്യം ഉള്‍പ്പടെ റവന്യുമന്ത്രിയെ അറിയിച്ചുവെന്നുമുള്ള മൊഴി വീണ്ടും രാഷ്ട്രീയ ചര്‍ച്ചകൾക്ക് വഴിവെച്ചിരുന്നു.

എഡിഎം കൈക്കൂലി വാങ്ങിയെന്ന ടിവി പ്രശാന്തന്‍റെ ആരോപണത്തിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണര്‍ എ ഗീതയുടെ റിപ്പോര്‍ട്ടിലും വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിന്‍റെ റിപ്പോര്‍ട്ടിലും പറയുന്നത്. ഇതാണ് കുടുംബത്തിന്‍റെ പിടിവള്ളി. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെയുണ്ടെന്നാണ് പ്രതിഭാഗത്തിന്‍റെ അവകാശവാദം. തലശേരി അഡീഷണല്‍സ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക. വിമരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കി നില്‍ക്കെ, കുത്തുവാക്കിനാല്‍ മനംനൊന്ത് മരണത്തിലേക്ക് നടന്നുപോയ നവീന്‍ ബാബു നീറുന്ന ഓര്‍മ്മയാണ്. വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്ക് കൊണ്ട് രാഷ്ട്രീയാധികാരം കാട്ടിയ നേതാവ് പാര്‍ട്ടിക്കും അധികാരസ്ഥാനങ്ങള്‍ക്കും പുറത്തേക്ക് സ്വയംവഴിവെട്ടുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാങ്ങിയത് കിലോയ്ക്ക് ആയിരം രൂപ നിരക്കിൽ, വിൽക്കുന്നത് കിലോയ്ക്ക് 25000 രൂപയ്ക്ക്; രണ്ട് പേരെ 15 കിലോ കഞ്ചാവുമായി പിടികൂടി
മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസ്; തിരൂരങ്ങാടിയിലെ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം