
തിരുവനന്തപുരം: താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിളളിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളർത്താൻ കഴിഞ്ഞിരുന്നു എന്ന് പിണറായി വിജയൻ അനുസ്മരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുശോചന സന്ദേശം:
പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും ആശ്വാസവും പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അവരുടെ ജീവിത പ്രശ്നങ്ങളിൽ ശക്തമായ നിലപാടെടുത്തു.
പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളർത്താൻ കഴിഞ്ഞിരുന്നു. രൂപതാധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പോയ ശേഷവും ആ ബന്ധം നിലനിർത്താൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടെ സേവനം നടത്തിയ വൈദിക ശ്രേഷ്ഠനെയാണ് ക്രൈസ്തവ സഭയ്ക്ക് നഷ്ടമാകുന്നത്.
നിർധനരും വിവിധ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവരുമായ ജനങ്ങള സഹായിക്കുന്നതിന് തന്റെ പദവിയും സ്വാധീനവും അദ്ദേഹം ഉപയോഗിച്ചു. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ലഭിക്കാൻ ചിറ്റിലപ്പിള്ളി പിതാവ് പ്രത്യേകം താൽപ്പര്യം കാണിച്ചിരുന്നു. ദുഃഖത്തിൽ പങ്കു ചേരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam