നാല് വയസ്സുകാരിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്: ദേഹത്ത് ഗുരുതര പരിക്കില്ല

By Web TeamFirst Published Oct 6, 2019, 3:31 PM IST
Highlights

രമ്യ മർദ്ദിച്ചതുകൊണ്ടാണോ കുട്ടി മരിച്ചതെന്ന് ഇപ്പോഴും പൊലീസ് തറപ്പിച്ച് പറയുന്നില്ല.കുട്ടിയുടെ കാൽ മുട്ടിനു താഴെ അടിയേറ്റ പാടുകൾ ഉണ്ട് എന്നാല്‍ മറ്റെങ്ങും പാടുകളോ ചതവോ കണ്ടെത്തിയിട്ടില്ല. കുട്ടി രക്തം ഛര്‍ദ്ദിച്ച് മരിച്ചു എന്നത് സംഭവത്തിലെ ദുരൂഹത വ‍ര്‍ധിപ്പിക്കുന്നു. 

കൊല്ലം: പാരിപ്പള്ളിയിൽ നാല് വയസ്സുകാരി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പാരിപ്പള്ളി ചിറയ്ക്കൽ സ്വദേശി ദിപുവിന്‍റെ മകൾ ദിയ മരിച്ച കേസിലാണ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അമ്മയുടെ മര്‍ദ്ദനമേറ്റാണോ കുഞ്ഞ് മരിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന്‍റെ അമ്മ രമ്യയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മരണകാരണം കണ്ടെത്താന്‍ വിദഗ്ദ്ധ പരിശോധന വേണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂവെന്നും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പികെ മധു പറയുന്നു. 

ഇന്ന് രാവിലെയാണ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രയില്‍ അതീവ ഗുരുതരമായ നിലയിൽ നാലു വയസ്സുകാരി ദിയയെ പ്രവേശിപ്പിച്ചത്. ബോധമറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. വായിൽ നിന്നും രക്തം വന്നിരുന്നു. അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പാരിപ്പള്ളി പൊലീസിനെ വിവരം അറിയിച്ചു. 

കുട്ടിയുടെ നില മോശമായതിനാൽ വിദ്ഗദ ചികിത്സക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചു. യാത്രക്കിടെ കഴക്കൂട്ടത്ത് വച്ച് കുട്ടിയുടെ നില മോശമായപ്പോൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുട്ടിക്ക് പനിയുണ്ടായിരുന്നുവെന്നും ഭക്ഷണം കഴിക്കാത്തിനെ തുടർന്ന് മർദ്ദിച്ചെന്നും അമ്മ രമ്യ സമ്മതിച്ചതായും  ബന്ധുക്കൾ പറഞ്ഞു. പൊലീസിനോടും രമ്യ ഇക്കാര്യം സമ്മതിച്ചു.

മരിച്ച ദിയയുടെ കാലിൽ രക്തം കട്ട പിടിച്ച പാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഒരു ദിവസം മുമ്പ് അടി കൊണ്ടതിന്‍റെ പാടുകളല്ല കുട്ടിയുടെ ദേഹത്തുള്ളത്. ദിവസങ്ങൾ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ അവശനിലയിലായിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിയപ്പോൾ രക്തം ഛർദ്ദിച്ചാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. 

കുട്ടിയുടെ അമ്മ പക്ഷേ കമ്പ് കൊണ്ട് കാലിൽ അടിച്ചു എന്നല്ലാതെ വേറെ മർദ്ദിച്ചിട്ടില്ലെന്നാണ് ഇപ്പോഴും പൊലീസിനോട് പറയുന്നത്. കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലാണ് കുട്ടിയുടെ അമ്മ രമ്യ. രമ്യ മർദ്ദിച്ചതുകൊണ്ടാണോ കുട്ടി മരിച്ചതെന്ന് ഇപ്പോഴും പൊലീസ് തറപ്പിച്ച് പറയുന്നില്ല. കുട്ടിയുടെ കാൽ മുട്ടിനു താഴെ അടിയേറ്റ പാടുകൾ ഉണ്ട് എന്നാല്‍ മറ്റെങ്ങും പാടുകളോ ചതവോ കണ്ടെത്തിയിട്ടില്ല. കുട്ടിയുടെ മരണവിവരമറിഞ്ഞ് കുട്ടിയുടെ അച്ഛൻ ദിപു കുഴഞ്ഞു വീണു. അച്ഛൻ ഇപ്പോഴും ചികിത്സയിലാണ്. മൊഴിയെടുക്കാൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ടെന്ന് അച്ഛന്‍റെ സഹോദരി ഷൈമ പറയുന്നു. പക്ഷേ കുട്ടിയെ രമ്യ നന്നായിത്തന്നെയാണ് നോക്കിയിരുന്നതെന്നും കുട്ടികളെ മർദ്ദിക്കാറില്ലെന്നാണ് തന്‍റെ അറിവെന്നും എന്താണിതിന്‍റെ സത്യാവസ്ഥയെന്ന് അറിയില്ലെന്ന് വിതുമ്പി കൊണ്ട് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

''എന്നെ വന്ന് ആശുപത്രിയിൽ വന്ന് വിളിച്ചു കൊണ്ടുപോയതാണ്. കാര്യമായി അസുഖമൊന്നുമില്ല. നീയൊന്ന് വരണമെന്ന് മാത്രമാണ് എന്‍റെ സഹോദരൻ പറഞ്ഞത്. കൊല്ലം പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ കുഞ്ഞ് തീരെ വയ്യാതെ കിടക്കുവാണ്. അവശനിലയിലാണ്. ദേഹത്ത് പാടുകളുണ്ടായിരുന്നു. അപ്പോൾ ഞാൻ അവളോട് ചോദിച്ചു, നീ കുഞ്ഞിനെ അടിച്ചോ ന്ന് ചോദിച്ചു. പനിയുണ്ടായിരുന്നതുകൊണ്ട് ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞ്, കമ്പ് കൊണ്ട് ഞാനടിച്ചു ചേച്ചീ എന്ന് അവള് എന്നോട് പറഞ്ഞു. ഞാനവളെ വഴക്കും പറഞ്ഞു. നീ എന്തിനാ അങ്ങനെ അവളെ അടിച്ചത്? അവൾക്ക് വേണമെങ്കിൽ കഴിക്കില്ലേ എന്ന് ഞാൻ ചോദിച്ചു'', കരഞ്ഞുകൊണ്ട് ഷൈമ പറയുന്നു.

''നല്ല പനിയുണ്ടായിരുന്നു മോൾക്ക്. കൊല്ലം ശാരദാ ഹോസ്പിറ്റലിലാണ് കാണിച്ചത്. തീരെ വയ്യാതെ ആശുപത്രിയിൽ കാണിച്ച് അവിടെ കുട്ടിയെ ഒരു ദിവസം കിടത്തി വൈകിട്ട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തതാണ്. പിന്നെ ചേച്ചിയുടെ വീട്ടിൽ കൊണ്ടുപോയി കിടത്തി, പിന്നെ അവിടെ നിന്ന് ചിറയ്ക്കലിലുള്ള സ്വന്തം വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി''

''ഇന്ന് രാവിലെ കുഞ്ഞിനെ ഭക്ഷണം കഴിക്കാത്തതിന് അടിച്ചുവെന്നാണ് പറയുന്നത്. പക്ഷേ ഡോക്ടർമാർ പരിശോധിച്ച് പറയുന്നത് ഇന്ന് രാവിലെയല്ല, കുറേ ദിവസമായിട്ട് കുഞ്ഞിനെ അവള് അടിയ്ക്കുന്നുണ്ടെന്നാണ്. സത്യാവസ്ഥ ഞങ്ങൾക്ക് അറിയില്ല. കുഞ്ഞിന്‍റെ ദേഹത്ത് രണ്ട് മൂന്ന് പാടുണ്ട് തല്ലിയതിന്‍റെ. ഇത് കമ്പ് വച്ച് അടിച്ചതിന്‍റെ പാടാണ്''

''അവളൊരു നഴ്‍സാണ്. നല്ല രീതിയിലാണ് അവള് കുഞ്ഞിനെ നോക്കിയിരുന്നത്. അങ്ങനെയല്ലാത്ത ഒരു പരാതിയും എനിക്ക് ഇത് വരെ അറിയില്ല. ഞങ്ങളോടൊക്കെ നന്നായിത്തന്നെയാ പെരുമാറിയിരുന്നത്'' - ഷൈമ മാധ്യമങ്ങളോട് പറയുന്നു. 

click me!