
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികലയുടെ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. നയനയുടെ കഴുത്തിലുണ്ടായ പരിക്കിൽ വ്യക്തതയുണ്ടാക്കാനാണ് ചോദ്യാവലി തയ്യാറാക്കിയുള്ള മൊഴിയെടുപ്പ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്‍റെ തീരുമാനം.
കഴുത്തിനേറ്റ പരിക്കാണ് നയനയുടെ മരണകാരണമെന്നാണ് ഫൊറൻസിക് ഡോക്ടർ ശശികലയുടെ മൊഴി. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന പുതപ്പുകൊണ്ട് സ്വയം മുറുക്കിയാലും ഉണ്ടാകുന്ന പരിക്കുകളുമാകാം എന്നാണ് ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. ആത്മഹത്യ സാധ്യത തള്ളിക്കളയാത്ത ഈ മൊഴി വിശദമായി ക്രൈം ബ്രാഞ്ച് പരിശോധിച്ചു. ചില വിദഗ്ദരിൽ നിന്നും അഭിപ്രായം തേടി. കഴുത്തിലുള്ള മൂന്നു മുറിവുകളിൽ മൂന്നാമത്തെ ക്ഷതത്തെ കുറിച്ചാണ് സംശയം ബാക്കി. ഇതിനായാണ് വീണ്ടും ഡോ.ശശികലയുടെ മൊഴിയെടുക്കുന്നത്. ഇതിനായി ഒരു ചോദ്യാവലി തന്നെ തയ്യാറാക്കിയിട്ടുണ്ട്.
ആന്തരികവായവങ്ങളുടെ രാസപരിശോധന ഫലവും ഈ ആഴ്ച ലഭിക്കും. ശാസ്ത്രീയഫലങ്ങളും മൊഴികളും വിദ്ഗദ സമിതിയെ രൂപീകരിച്ച് ക്രൈംബ്രാഞ്ച് അഭിപ്രായം തേടും. നയനയുടെ ചില സുഹൃത്തുക്കളുടെ മൊഴി ഇനി രേഖപ്പെടുത്താൻ ബാക്കിയുണ്ട്.
2019 ഫെബ്രുവരി 23ന് രാത്രിയിലാണ് നയനയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ സുഹൃത്തുക്കള്‍ കണ്ടെത്തിയത്. സാക്ഷികളെ ആൽത്തറയിലെ വാടകവീട്ടിലെത്തിച്ച് രംഗം പുനരാവിഷ്ക്കരിക്കാനാണ് തീരുമാനം. നാല് സുഹൃത്തുക്കളും വീട്ടുടമയും ചേർന്നാണ് നയനയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർ നൽകിയ മൊഴിയും സാഹചര്യവും തമ്മിൽ യോജിക്കുന്നുണ്ടോയെന്നറിയാനാണ് പുനരാവിഷ്ക്കരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകും.
നയന സൂര്യൻെറ മരണം കൊലപാതകമോ? ആന്തരികാവയവങ്ങളുടെ പരിശോധന ഫലം അടുത്തയാഴ്ച ക്രൈം ബ്രാഞ്ചിന് ലഭിക്കും