മുഖ്യമന്ത്രിക്കെതിരായ കൊലവിളി പരാമർശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു

Published : Nov 25, 2025, 11:57 PM IST
Teena Jose death threat case

Synopsis

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിൽ കൊലവിളി പരാമർശം നടത്തിയ മുൻ കന്യാസ്ത്രീ ടീന ജോസിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന വധശ്രമത്തിന് ആഹ്വാനം നൽകിയത്. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിൽ നടത്തിയ കൊലവിളി പരാമർശത്തിൽ കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസ് എടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ പരാതിയിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിഎംസി സന്യാസിനി സമൂഹത്തിലെ അംഗം ആയിരുന്നു ടീന ജോസ്. എന്നാൽ സഭാ നടപടികൾക്ക് വിധേയയായി 2009 ൽ അംഗത്വം നഷ്ടപ്പെട്ടു.

ടീന ജോസിന്‍റെ കൊലവിളി പരാമർശം

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുളള കമൻ്റിട്ടത്. 'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും' എന്നായിരുന്നു ടീന ജോസിന്‍റെ കമന്‍റ്.

കമന്‍റ് വിവാദമായതിന് പിന്നാലെ ടീന ജോസിനെ തളളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു. ടീന ജോസിന്‍റ അംഗത്വം 2009-ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണെന്നും സന്യാസവസ്ത്രം ധരിക്കാന്‍ ടീന ജോസിന് അനുവാദമില്ലെന്നുമാണ് സിഎംസി സന്യാസിനി സമൂഹം അറയിച്ചത്. ടീന പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളിൽ സിഎംസി സമൂഹത്തിന് പങ്കില്ലെന്നും വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

ടീന ജോസിനെതിരെ പരാതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമൻ്റ് ഞെട്ടലോടെയാണ് കാണുന്നതെന്നും ജനാധിപത്യ സമൂഹത്തിൽ ഒരു പൗരന്റെ ജീവന് ഭീഷണി ഉയർത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണെന്നും വിമർശനം ഉയർന്നു.

ടീന ജോസ് വിദ്വേഷ പ്രചാരണമാണ് ഫേസ്ബുക്കിലൂടെ നടത്തിയതെന്ന് സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ പരാതി നൽകി. വിഷയത്തിൽ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. സംസ്ഥാന ഡിജിപിക്കാണ് പരാതി നൽകിയത്. തുടന്നാണ് ടീന ജോസിനെതിരെ കേസെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം