
കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധന റിപ്പോർട്ട് വന്നാൽ മാത്രമെ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു എന്ന് ഡോക്ടർമാർ. അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായിരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചു. ശനിയാഴ്ച മുതൽ രാഹുൽ വെന്റിലേറ്ററിലായിരുന്നു എന്നും മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർ പറഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞ് 2.55 നാണ് രാഹുലിന്റെ മരണം സ്ഥിരീകരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെയാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം സ്വദേശിയാണ് മരിച്ച രാഹുൽ ഡി നായർ. രാഹുലിന്റെ പോസ്റ്റ്മോർട്ടം നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും.
ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ ഷവർമ കഴിച്ചതിനു പിന്നാലെയാണ് രാഹുലിന്‍റെ ആരോഗ്യസ്ഥിതി മോശമായത്. 24 കാരനായ രാഹുല്‍ കാക്കനാട്ടെ സെസിലെ ജീവനക്കാരനായിരുന്നു. ഗുരുതരാവസ്ഥിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് രാഹുല്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അന്നുമുതല്‍ വെന്‍റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവൻ നിലനിര്‍ത്തിയിരുന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സംഭവിച്ചു. സെപ്റ്റിക് ഷോക്ക് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് രാഹുല്‍ കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഷവര്‍മയും മയോണൈസും പാര്‍സലായി വാങ്ങി മുറിയില്‍ വച്ച് കഴിച്ചത്. പിന്നാലെ ചര്‍ദ്ദിയും വയറിളക്കവും അനുഭവപെട്ടെങ്കിലും പ്രാഥമിക ചികിത്സ മാത്രമാണ് തേടിയത്. പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം ഹോട്ടല്‍ പരിശോധിക്കുകയും താത്ക്കാലത്തേക്ക് അടച്ചിടാൻ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഭക്ഷ്യ വിഷബാധയാണോയെന്ന് വ്യക്തത വരുത്തുന്നതിന് രാഹുലിന്‍റെ രക്തം പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഫലം കാത്തിരിക്കുന്നതിനിടയിലായിരുന്നു അന്ത്യം. രക്ത പരിശോധന ഫലമോ പോസ്റ്റുമോർട്ടം റിപ്പോർട്ടോ വന്നെങ്കിൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയില്‍ ലേ ഹയാത്ത് ഹോട്ടലിന് പൊലീസ് കാവൽ ഏർപെടുത്തിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam