
കൊച്ചി: അട്ടപ്പാടി മധുകേസില്‍ സർക്കാരിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മധുവിൻ്റെ സഹോദരി സരസു. പ്രോസിക്യൂട്ടറെ വിശ്വാസമില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. പണം നൽകി സാക്ഷികളെ കൂറുമാറ്റുകയാണെന്നും സരസു പറഞ്ഞു. മധുവിന്‍റെ അമ്മ മല്ലി നൽകിയ ഹർജിയിൽ വിചാരണ നടപടികൾ ഹൈക്കോടതി തടഞ്ഞിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് നൽകിയ കത്തിൽ തീർപ്പുണ്ടാകുന്നത് വരെ വിചാരണ നിർത്തി വെക്കണമെന്നായിരുന്നു അമ്മയുടെ ആവശ്യം.
വിചാരണയക്കം എല്ലാ നടപടികളും സ്റ്റേ ചെയ്ത കോടതി പത്ത് ദിവസത്തിനകം സർക്കാരിനോട് വിശദീകരണം നൽകാൻ നിർദ്ദേശിച്ചു. ഇക്കഴിഞ്ഞ ജൂൺ 8 നായിരുന്നു മധു വധകേസിൽ മണ്ണാർക്കാട് എസ്‍സി എസ്‍ടി പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങിയത്. വിചാരണയിൽ രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചകൾ കാരണം ആണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.