
കൊച്ചി: കെ സുധാകരന് സീറ്റ് നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുധാകരൻ വിഷയത്തിൽ ഞങ്ങളല്ല തീരുമാനമെടുക്കേണ്ടതെന്നാണ് സതീശൻ പറഞ്ഞത്. എം പിമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടതെന്നും സീറ്റ് ചർച്ച പൂർത്തിയാക്കിയ ശേഷം കൊച്ചിയിലെത്തിയ സതീശൻ വ്യക്തമാക്കി. സുധാകരന് വേണ്ടി എ കെ ആന്‍റണി ഇടപെട്ടെന്ന വാർത്തകളോടും സതീശൻ പ്രതികരിച്ചു. ആന്റണി ഇടപെടേണ്ട ആളാണല്ലോ എന്നായിരുന്നു മറുപടി. ആന്‍റണിയോട് ഉപദേശം തേടിയിട്ടാണ് തങ്ങളൊക്കെ പല തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ളത് പ്രചാരണം മാത്രമാണെന്നും കോന്നിയിൽ മത്സരിക്കണമെന്ന അടൂർ പ്രകാശിന്റെ നിലപാടിനെ കുറിച്ച് തനിക്കറിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാക്കിക്കൊണ്ട് അടൂർ പ്രകാശ് എം പി ഹൈക്കമാൻഡിനെ തന്റെ നിലപാട് അറിയിച്ചു. കെ സുധാകരൻ മത്സരരംഗത്തിറങ്ങുകയാണെങ്കിൽ തനിക്കും സീറ്റ് നൽകണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. സുധാകരൻ മത്സരത്തിന് അർഹനാണെങ്കിൽ അതേ അർഹത തനിക്കുമുണ്ടെന്ന് വ്യക്തമാക്കിയ അടൂർ പ്രകാശ്, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്ത് പ്രത്യാഘാതമുണ്ടായാലും താൻ ഉത്തരവാദി ആയിരിക്കില്ലെന്ന കർശന മുന്നറിയിപ്പും കേന്ദ്ര നേതൃത്വത്തിന് നൽകിയിട്ടുണ്ട്. തന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹൈക്കമാൻഡിന് അദ്ദേഹം നേരിട്ട് സന്ദേശം അയക്കുകയും ചെയ്തു.അതിനിടെ കോന്നിയിൽ സീറ്റിലെന്ന് വിവരിച്ചുകൊണ്ടുള്ള പോസ്റ്റ് അടൂർ പ്രകാശ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. കോന്നി സീറ്റിൽ അവകാശവാദം അടൂർ പ്രകാശ് ശക്തമാക്കിയതോടെ വരും മണിക്കൂറുകളിൽ കോൺഗ്രസിലെ സീറ്റ് ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam