
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ നിര്‍ണായക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അടൂർ പ്രകാശിനെയും മുരളിയേയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയെന്നും കോന്നിയും വട്ടിയൂർകാവും പോയത് നഷ്ടമായെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നും വടകരയില്‍ യുഡിഎഫിനു വേണ്ടി ആര് മത്സരിച്ചാലും ജയിക്കുമെന്ന് കെ.മുരളീധരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം എന്നതും ഏറെ ശ്രദ്ധേയമാണ്.
താൻ ലോക്സഭയിലേക്ക് മത്സരിക്കില്ല. കേരളം തന്‍റെ പ്രവർത്തന മണ്ഡലമാണെന്നും ചെന്നിത്തല വ്യക്തമാക്കി. തന്നെ നായർ ബ്രാൻഡാക്കി കാണുന്നതിൽ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ജാതിയുടെ പേരിൽ പലരും തന്‍റെ പ്രവർത്തനം മറക്കുന്നു. ഒതുക്കാൻ ജാതി ഉപയോഗിക്കുന്നു എന്നത് വാസ്തവം. പ്രവര്‍ത്തകസമിതിയിലെ അവഗണനയിൽ വില്ലൻ കെസി വേണുഗോപാൽ അല്ല. തനിക്ക് പ്രവർത്തിക്കാൻ പദവി പ്രശ്നമല്ല. പരാതി ഹൈക്കമാണ്ടിനെ നേരിട്ട് അറിയിക്കും. പരസ്യ പോരിന് ഇല്ല. പാർട്ടി എന്നും 'അമ്മ'യാണ്. വിഡി സതീശനുമായി ഇപ്പോൾ നല്ല ബന്ധമാണ്. നേരത്തെ ചില പ്രശ്‍നം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി ഡയറിയിൽ തന്‍റെ പേരുള്ളത് പ്രശ്‍നം അല്ല. പണം വാങ്ങിയത് പാർട്ടിക്ക് വേണ്ടിയാണ്. രാഷ്ട്രീയക്കാർ സംഭാവന വാങ്ങുന്നത് പോലെയല്ല വീണയുടെ മാസപ്പടി. സോളാർ അടിയന്തര പ്രമേയത്തിൽ പിഴവ് ഇല്ല. അടിയന്തിര പ്രമേയം കൊണ്ട് വന്നില്ലെങ്കിൽ വിമർശനം വരുമായിരുന്നു. സോളാർ ഗൂഡലോചനയില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.