
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം എന്തിനാണ് രാജിവെച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുൻഷി. രാഹുലിനെതിരെ പാർട്ടിക്ക് ഒരു പരാതിയും കിട്ടിയില്ലെന്ന് പറഞ്ഞ അവർ, നിയമപരമായ പ്രതിസന്ധിയല്ല മറിച്ച് ധാർമിക പ്രശ്‌നമാണ് രാജിയിലേക്ക് നയിച്ചതെന്നും പറഞ്ഞു. ട്രാൻസ്ജെൻഡറിന്റേതല്ല ഒരാളുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ദീപ ദാസ് മുൻഷി പ്രതികരിച്ചു. ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിയാണ് അയാൾ. ഇടതുപക്ഷത്തിന് ഇക്കാര്യം ആവശ്യപ്പെടാൻ ധാർമികതയില്ല. അവരുടെ നേതാക്കൾക്കെതിരെയും സമാന പരാതി ഉയർന്നപ്പോൾ ആരും രാജിവച്ചു കണ്ടില്ല. എംഎൽഎ സ്ഥാനത്തുനിന്നും ഇപ്പോൾ രാജിവെക്കേണ്ട സാഹചര്യമില്ല. ഇടതുപക്ഷം അവരുടെ പാർട്ടി വിഷയങ്ങൾ പരിശോധിക്കട്ടെ. രാഹുൽ വിഷയം അടഞ്ഞ അധ്യായമാണ്. പാർട്ടി അന്വേഷണം ഇപ്പോഴില്ലെന്നും അവർ വ്യക്തമാക്കി.