ദീപുവിന്റെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് സാബു ജേക്കബ്, പറഞ്ഞത് തെറ്റെങ്കിൽ തിരുത്തുമെന്ന് എംഎൽഎ

Web Desk   | Asianet News
Published : Feb 19, 2022, 09:36 PM ISTUpdated : Feb 19, 2022, 09:52 PM IST
ദീപുവിന്റെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് സാബു ജേക്കബ്, പറഞ്ഞത് തെറ്റെങ്കിൽ തിരുത്തുമെന്ന് എംഎൽഎ

Synopsis

ദീപുവിന്റെ മരണം ഉറപ്പായിട്ടും ആശുപത്രിക്കാർ അത് മറച്ചുവച്ചു. രണ്ടു ദിവസം വെന്റിലേറ്ററിൽ കിടത്തി.  കൈയ്യനക്കുന്നുണ്ട്, കാലനക്കുന്നുണ്ട് എന്നൊക്കെ വെറുതെ പറഞ്ഞു. തനിക്ക് മർദ്ദനമേറ്റെന്ന് ദീപു മൊഴി കൊടുത്തിരുന്നു.

തിരുവനന്തപുരം: ട്വന്റി ട്വന്റി (Twenty20 Kizhakkambalam) പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം (Deepu Murder)  സിബിഐ അന്വേഷിക്കണമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് (Sabu M Jacob)  ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുന്ന കാര്യം അഭിഭാഷകരുമായി ആലോചിക്കുകയാണ്. ദീപുവിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നു എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. 

ദീപുവിന്റെ മരണം ഉറപ്പായിട്ടും ആശുപത്രിക്കാർ അത് മറച്ചുവച്ചു. രണ്ടു ദിവസം വെന്റിലേറ്ററിൽ കിടത്തി.  കൈയ്യനക്കുന്നുണ്ട്, കാലനക്കുന്നുണ്ട് എന്നൊക്കെ വെറുതെ പറഞ്ഞു. തനിക്ക് മർദ്ദനമേറ്റെന്ന് ദീപു മൊഴി കൊടുത്തിരുന്നു. ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണ്. ആക്രമണം പെട്ടന്നുള്ള പ്രകോപനം മൂലമല്ല. പരിശീലനം ലഭിച്ചവരാണ് കൊലപാതകം നടത്തിയത്. ആന്തരിക രക്തസ്രാവം ഉണ്ടാക്കി കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും സാബു എം ജേക്കബ് പറഞ്ഞു.

തെറ്റെങ്കിൽ തിരുത്തുമെന്ന് എംഎൽഎ

ദീപുവിന്റെ മരണം കരൾരോ​ഗം മൂലമാണെന്ന തന്റെ പ്രസ്താവന തെറ്റാണെങ്കിൽ തിരുത്തുമെന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ (P V Srinijan)  പറഞ്ഞു. ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 

ട്വന്‍റി 20 എന്ന പാർട്ടി ഇല്ലാതാകുമെന്ന് ഭയക്കുന്ന കിറ്റക്സ് ഗ്രൂപ്പ് എംഡിയും പാർട്ടി കൺവീനറുമായ സാബു എം ജേക്കബ് ദീപുവിന്‍റെ മരണം രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുകയാണെന്ന്  പി വി ശ്രീനിജൻ നേരത്തെ പറഞ്ഞിരുന്നു. സാബു ജേക്കബ് ദീപുവിന്‍റെ മരണത്തിന് പിന്നിൽ താനാണെന്ന് ആരോപിക്കുന്നതും വിഷയം കത്തിക്കുന്നതും സ്വാർത്ഥലാഭത്തിന് വേണ്ടിയാണ്. ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നു. ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും വ്യാജപ്രചാരണങ്ങൾക്കെതിരെ സാബു എം ജേക്കബിന്‍റെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീനിജിൻ തിരുവനന്തപുരത്ത് പറഞ്ഞു. 

വിളക്കണയ്ക്കൽ സമരമെന്ന പേരിൽ ട്വന്‍റി 20 നടത്തിയത് ചട്ടവിരുദ്ധമായ സമരമാണെന്ന് ശ്രീനിജിൻ പറയുന്നു. ''വിളക്കുകാലുകൾ സ്ഥാപിക്കാനുള്ള അവകാശം കെഎസ്ഇബിക്കാണ്. അതിനായി ട്വന്‍റി 20-ക്കോ സാബു എം ജേക്കബിനോ പൈസ പിരിക്കാനുള്ള അവകാശമില്ല. അതല്ല എങ്കിൽ പഞ്ചായത്ത് പറയട്ടെ'', ശ്രീനിജിൻ. 

''വസ്തുതകൾ വളച്ചൊടിച്ച് വ്യക്തിപരമായി എന്നെ ആക്ഷേപിക്കുന്ന നീക്കമാണ് നേരത്തേയും സാബു എം ജേക്കബ് സ്വീകരിച്ചത്. എന്‍റെ നിറത്തെ വരെ ആക്ഷേപിച്ചതാണ്. ട്വന്‍റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും എംഎൽഎ പങ്കെടുക്കുന്ന യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്‍റിനോ അംഗങ്ങൾക്കോ പങ്കെടുക്കുന്നതിൽ വിലക്കുണ്ട്. സാമൂഹ്യവിലക്കും രാഷ്ട്രീയവിലക്കുമുണ്ട്. ജനാധിപത്യവിരുദ്ധതയാണ് സിപിഎം നടപ്പാക്കുന്നതെന്ന് പറയുന്ന സാബു എം ജേക്കബിന്‍റെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്നലെ പറഞ്ഞത് എംഎൽഎയെ കിഴക്കമ്പലത്ത് കാല് കുത്തിക്കില്ലെന്നാണ്. ആരാണ് അപ്പോൾ ജനാധിപത്യവിരുദ്ധത നടപ്പാക്കുന്നത്. ഒരു കോൺഗ്രസുകാരനോ സിപിഎമ്മുകാരനോ മരിച്ചാൽ ആ മരണവീട്ടിലെത്താൻ പോലും ട്വന്‍റി 20 അംഗത്തിന് അനുമതിയില്ല. ഇത്തരത്തിലുള്ള വസ്തുതകൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരണം'', പി വി ശ്രീനിജിൻ പറയുന്നു. 

''വസ്തുതകൾ പുറത്തുവരട്ടെ. മർദ്ദനം മൂലമാണോ ദീപു മരിച്ചതെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വരട്ടെ. അത് വരെ എനിക്കെതിരെ സാബു എം ജേക്കബ് മൂന്ന് നേരവും മാധ്യമങ്ങളിലൂടെ എനിക്കെതിരെ നടത്തുന്ന അടിസ്ഥാനരഹിതമായ ഈ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും'', എന്ന് പി വി ശ്രീനിജിൻ. 

ദീപുവിന്‍റെ കൊലപാതകത്തോടെ ട്വന്‍റി 20-യും സിപിഎമ്മും തമ്മിലുളള നേർക്കുനേർ പോരാട്ടം കിഴക്കമ്പലത്ത് മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. സംഭവത്തെ പ്രാദേശികമായും അല്ലാതെയും രാഷ്ടീയ വിഷയമാക്കി  ഉയർത്തിക്കൊണ്ടുവരാനുളള നീക്കത്തിലാണ് ട്വന്‍റി 20. എതിർക്കുന്നവരെ ഇല്ലാതാക്കുന്ന സിപിഎം സമീപനമെന്ന് പൊതുസമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാനാണ് ശ്രമം. 
ട്വന്‍റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുക മാത്രമല്ല തങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുകയുമാണ്. സമാധാനപരമായി നടത്തിയ വിളക്കണയ്ക്കൽ സമരത്തെ അട്ടിമറിക്കാനാണ് പി വി ശ്രീനിജിൻ എംഎൽഎ പ്രദേശത്ത് തങ്ങി കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് സാബു എം ജേക്കബിന്‍റെ ആരോപണം. 

കൊലപാതകത്തിനുപിന്നിൽ ട്വന്‍റി 20 ഗൂഡാലോചന ആരോപിച്ചതോടെ പൊലീസ് അതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പി വി ശ്രീനിജൻ എംഎൽഎയുടെ സംഭവ ദിവസത്തെ മൊബൈൽ ടവർ ലൊക്കേഷനും പരിശോധിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം പത്ത് ദിവസത്തിനു ശേഷം എറണാകുളത്ത് തുടങ്ങാനിരിക്കേ വിഷയം വരും ദിവസങ്ങളിലും സജീവമാക്കി നിർത്താനാണ് കോൺഗ്രസിന്‍റെയും ട്വന്‍റി 20യുടെയും നീക്കം.  
 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K