'ചെറിയൊരു വ്യത്യാസമുണ്ട് വർമ്മ സാറേ, ഞങ്ങൾ മാനനഷ്ടത്തിന് നോട്ടിസ് അയച്ചു'! നിയമ നടപടിയുമായി മുന്നോട്ടെന്ന് ഡോ. സൗമ്യ സരിൻ

Published : Sep 08, 2025, 07:22 PM IST
soumya sarin

Synopsis

ഡോ. പി. സരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചതായി ഭാര്യ ഡോ. സൗമ്യ സരിൻ. നിയമപരമായി നേരിടാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.

കൊച്ചി: ഡോ. പി. സരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചതായി ഭാര്യ ഡോ. സൗമ്യ സരിൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബർ 6, 2025) വക്കീൽ വഴി നോട്ടീസ് അയച്ചെന്നും വിഷയത്തെ നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. ഒരു പൊതുപ്രവർത്തകനെതിരെ ആരോപണങ്ങൾ വരുമ്പോൾ അത് നേരിടുന്ന രീതിയാണ് പ്രധാനമെന്നും അതിൽ നിന്ന് തന്നെ പൊതുജനത്തിന് കാര്യങ്ങൾ മനസ്സിലാകുമെന്നും ഡോ. സൗമ്യ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നേരിട്ട 'ധൈര്യമുണ്ടെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്ക്', 'കേസ് കൊടുത്താൽ എല്ലാ തെളിവുകളും പുറത്തുവിടും' തുടങ്ങിയ വെല്ലുവിളികൾ തങ്ങൾ ഏറ്റെടുക്കുന്നതായും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് പി സരിനെതിരെ രാഗ രഞ്ജിനി ലൈം​ഗികാരോപണം നടത്തിയത്. സരിന്റെ ഭാര്യ സൗമ്യ സരിനെ അഭിസംബോധന ചെയ്തായിരുന്നു രാഗ രഞ്ജിനി ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചത്. മണിക്കൂറുകൾക്കകം ഈ ആരോപണം ഫെയ്സ്ബുക്കിൽ നിന്നും പിൻവലിച്ചിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 

ഞങ്ങൾ മാനനഷ്ടത്തിന് നോട്ടിസ് അയച്ചു!

ഓണത്തിരക്കൊക്കെ ഒന്ന് ഒതുങ്ങിയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് വരാം. എന്റെ ഭർത്താവ് ഡോ. പി സരിന് എതിരെ ചില ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ്‌ജെൻഡേർ വ്യക്തിക്ക് കഴിഞ്ഞ ശനിയാഴ്ച (06/09/2025) തന്നെ ഞങ്ങൾ വക്കീൽ വഴി മാനനഷ്ട നോട്ടിസ് അയച്ചു. നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനം.

ഈ ആരോപണം അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാകും.

ഒന്ന് " സമാനവൽക്കരിക്കാൻ " ശ്രമിച്ചതാണ്. ഇപ്പോഴത്തെ ഒരു പ്രത്യേക അവസ്ഥയിൽ എതിർ പക്ഷത്തു നിൽക്കുന്ന ഡോ. സരിന് എതിരെയും ' പേരിന് ' ഒരു പെണ്ണ് കേസ് എങ്കിലും ഉണ്ടാക്കി എടുക്കണ്ടേ! നിങ്ങളുടെ ആ തത്രപ്പാട് ഞങ്ങൾക്ക് മനസ്സിലാവുന്നതേയുള്ളു!

"പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട് വർമ്മ സാറേ... 😊"

ഒരു പൊതു പ്രവർത്തകന് എതിരെ ആരോപണങ്ങൾ വരാം, സ്വാഭാവികം! പക്ഷെ അവർ അത് നേരിടുന്ന രീതി ആണ് വിലയിരുത്തപ്പെടേണ്ടത്, അല്ലേ? അതിൽ നിന്ന് തന്നെ പൊതുജനത്തിന് കാര്യം പിടി കിട്ടും!

" ധൈര്യമുണ്ടെങ്കിൽ പോയി മാനനഷ്ടത്തിന് കേസ് കൊടുക്ക് "

" കേസ് കൊടുത്താൽ എല്ലാ തെളിവുകളും പുറത്തു വിടും "

ഇതൊക്കെയാണ് കഴിഞ്ഞ രണ്ടു ദിവസമായി കേൾക്കുന്ന വെല്ലുവിളി...

അപ്പൊ ആദ്യത്തെ വ്യത്യാസം,

ഞങ്ങൾ ഈ രണ്ടു വെല്ലുവിളികളും ഏറ്റെടുക്കുന്നു!

ചേട്ടന്മാരെ, ഈ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ഇത്രയധികം ധൈര്യത്തിന്റെ ആവശ്യം ഒന്നും ഇല്ല.

രണ്ടേ രണ്ടു സിംപിൾ കാര്യങ്ങൾ മതി!

ആരോപിക്കപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടില്ല എന്ന അവനവനിൽ ഉള്ള വിശ്വാസം. പങ്കാളികൾ എന്ന നിലയിൽ

ഞങ്ങൾക്ക് പരസ്പരം ഉള്ള വിശ്വാസം!

ഈ രണ്ടും ഉണ്ടെങ്കിൽ ഒരാൾ നമുക്ക് എതിരെ ഒരു ആരോപണം ആയി വന്നാൽ, അത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് പൂർണ ബോധ്യം ഉള്ള പക്ഷം, നിയമപരമായി അതിനെ നേരിടാമെന്ന ആത്മവിശ്വാസം തനിയെ വന്നു കൊള്ളും!

ഇപ്പറഞ്ഞതൊക്കേ വേണ്ടുവോളം ഉള്ളതിനാൽ മാന്യമായി കേസുമായി മുന്നോട്ട് പോകുന്നു!

ഇനി കേസ് ആയി മുന്നോട്ട് പോയാൽ തെളിവുകൾ ആയി വരും എന്ന ഭീഷണി!

വന്നോളൂ.. ഞങ്ങൾ എവിടെയും പോയി ഒളിക്കില്ല. ഇവിടെ തന്നെയുണ്ട്.

ഈ അടുത്ത് തന്നെ ഒരു യുവ നേതാവിന് എതിരെ ഇതുപോലെ ചാറ്റും വോയിസ്‌ ക്ലിപ്പുകളും ഒക്കെ വന്നപ്പോൾ നിങ്ങൾ തന്നെ പറഞ്ഞ ചില കാര്യങ്ങൾ ഉണ്ടല്ലോ. ഒന്നോർത്തു നോക്കുന്നത് നല്ലതാണ്...

"എല്ലാം ഫേക്ക് ആണ്... ഈ AI യുഗത്തിൽ തെളിവുകൾ ഉണ്ടാക്കാൻ ആണോ ബുദ്ധിമുട്ട്? എല്ലാം ഫേക്ക് ആണ്! "

അപ്പോൾ ഇങ്ങനെ ഫേക്ക് ആയ തെളിവുകൾ ആർക്കും ആർക്കെതിരെയും ഉണ്ടാക്കാം, അല്ലേ? നിങ്ങൾക്ക് ഞങ്ങൾക്കെതിരെയും ഉണ്ടാക്കാം! ചാറ്റ് എന്നും പറഞ്ഞു കൊണ്ട് ഒരു വ്യാജ സ്‌ക്രീൻഷോട് ഉണ്ടാക്കാൻ ആണോ ബുദ്ധിമുട്ട്? അതുപോലെ ഉള്ള ചാറ്റുകൾ ചെയ്ത ആരുടെയെങ്കിലും നമ്പർ എന്റെ ഭർത്താവായ സരിന്റെ പേരിൽ മൊബൈലിൽ സേവ് ചെയ്താൽ പോരെ? എത്ര വേണമെങ്കിലും "തെളിവുകൾ" ഉണ്ടാക്കാമല്ലോ...

പക്ഷെ അവിടെയാണ് രണ്ടാമത്തെ വ്യത്യാസം!

ഇനി അങ്ങനെ ഒന്ന് വന്നാൽ തന്നെയും "എല്ലാം ഫേക്ക് ആണ് " എന്ന് വെറുതെ വന്നു പറഞ്ഞു പോകില്ല ഞങ്ങൾ! "ഇരയെ" അപമാനിക്കാനും സ്വാധീനിക്കാനും ഒന്നും ശ്രമിക്കില്ല.

പക്ഷെ തെളിയിക്കും!

ഫേക്ക് ആണെങ്കിൽ അത് തെളിയിച്ചിരിക്കും!

ശാസ്ത്ര സാങ്കേതിക വിദ്യയൊക്കെ ഇത്രക്ക് പുരോഗമിച്ച ഈ കാലത്തു നമ്മുടെ നിയമസംവിധാനത്തിനു അതൊക്കെ പുഷ്പം പോലെ തെളിയിക്കാൻ പറ്റും. അത് ഞങ്ങൾക്കും അറിയാം, നിങ്ങൾക്കും അറിയാം! സമയം എടുക്കുമായിരിക്കും. ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണെന്നേ 😀

വലിയ ഫാൻസ്‌ അസോസിയേഷനും കൊട്ട നിറയെ ലൈക്കും ഷെയറും ഒന്നും ഇല്ല ഗയ്‌സ്. പക്ഷെ അത്ര പെട്ടെന്ന് ഒന്നും കുനിക്കില്ല എന്ന് ഉറപ്പുള്ള ഒരു തലയുണ്ട്! സൗമ്യക്കും സരിനും. ഞങ്ങൾക്കും ഒരു മകളുണ്ട്!

അപ്പൊ ഇനി അവിടുത്തെ കാര്യങ്ങൾ എങ്ങനാ? 

 

ഈ വെല്ലുവിളിയൊക്കെ പാവം ഞങ്ങളോട് മാത്രമേ ഉള്ളോ?

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും
നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും