പുസ്‍തകം വാങ്ങാനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി, ആലത്തൂരിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം

By Web TeamFirst Published Oct 15, 2021, 4:03 PM IST
Highlights

ഗോവയിൽ വീട് വെച്ച് താമസിക്കണമെന്ന് സൂര്യകൃഷ്ണ പറഞ്ഞതിനാൽ അവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിന് ഗോവ പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. 
 

പാലക്കാട്: ആലത്തൂരിൽ (Alathur) ഡിഗ്രി വിദ്യാർത്ഥിനിയെ (degree student) കാണാതായിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയില്ല. കാണാതായ സൂര്യ കൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി. അന്വേഷണത്തിൽ യാതൊരു തുമ്പും കിട്ടാതായതിനെ തുടർന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. തമിഴ്നാട്ടിലെ സൂര്യ കൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഗോവയിൽ വീട് വെച്ച് താമസിക്കണമെന്ന് സൂര്യകൃഷ്ണ പറഞ്ഞതിനാൽ അവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിന് ഗോവ പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. 

ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്സി കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണ വീട് വിട്ടിറങ്ങിയത്. പുസ്തകം വാങ്ങാനെന്നായിരുന്നു അമ്മയോട് പറഞ്ഞത്. പുസ്തക കടയില്‍ കാത്തുനിന്നിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓഗസ്റ്റ് മുപ്പതിന് പകൽ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്. മൊബൈൽ ഫോണും എടിഎം കാര്‍ഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.

click me!