
ദില്ലി: രാജ്യതലസ്ഥാനത്തെ മദ്യവില്‍പന വീണ്ടും സർക്കാറിന് കീഴിലേക്ക്. മദ്യവില്‍പന സ്വകാര്യവല്‍ക്കരിച്ച തീരുമാനം ആംആദ്മി സര്‍ക്കാര്‍ പിന്‍വലിച്ചു.പുതിയ അബ്കാരിനയത്തില്‍ ലഫ് ഗവര്‍ണ്ണര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. അതേസമയം ദില്ലി സർക്കാറിന്‍റെ മെഗാ അഴിമതിയാണ് അബ്കാരി നയമെന്ന് പുതിയ നടപടികളിലൂടെ വ്യക്തമായെന്ന് ബിജെപി കുറ്റപ്പെടുത്തി.
2021 നവംബറിലാണ് മദ്യ വില്‍പന പൂർണമായും സ്വകാര്യ വത്കരിച്ച് പുതിയ അബ്കാരി നയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്. അതുവരെ സർക്കാറിന്‍റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഔട്ലെറ്റുകളിലൂടെയായിരുന്നു ദില്ലിയില്‍ മദ്യവില്‍പന. എന്നാല്‍ സ്വകാര്യ ഔട്ലെറ്റുകളിലൂടെ വില്‍ക്കുന്ന മദ്യത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ചും മറ്റും പരാതികൾ വ്യാപകമായി ഉയർന്നു.
പിന്നാലെ പുതിയ അബ്കാരി നയം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ദില്ലി ഗവർണർ വൈഭവ് സക്സേന ആവശ്യപ്പെട്ടു. ഇതോടെയാണ് കെജ്രിവാൾ സർക്കാറിന്‍റെ യു ടേൺ. അതേസമയം ഷോപ്പുടമകളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഭീഷണിപ്പെടുത്തുകയാണെന്നാണ് ദില്ലി സർക്കാറിന്‍റെ ആരോപണം, ഇനിയുള്ള ആറുമാസത്തേക്ക് പഴയതുപോലെ സർക്കാർ ഔട്ലെറ്റുകളിലൂടെ തന്നെ മദ്യ വില്‍പന നടത്തുമെന്നും. ആറുമാസത്തിന് ശേഷം പുതിയ അബ്കാരി നയം നടപ്പാക്കുമെന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
അതേസമയം ലൈസൻസ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മദ്യഷോപ്പുടമകൾ അടച്ചിട്ടതോടെ തലസ്ഥാന നഗരമായ ദില്ലിയിൽ മദ്യക്ഷാമം രൂക്ഷം. സർക്കാർ മദ്യവിൽപ്പനകൾക്കുള്ള എക്‌സൈസ് ലൈസൻസ് ഓഗസ്റ്റ് 31 വരെ നീട്ടിയെങ്കിലും ലെഫ്. ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ നഗരത്തിലെ മദ്യശാലകൾ തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചില്ല. വിവാദമായ മദ്യ നയം സർക്കാർ പിൻവലിച്ചതിനെ തുടർന്ന് മദ്യഷാപ്പുകളുടെ ലൈസൻസ് ജൂലൈ 31ന് അവസാനിക്കാനിച്ചിരുന്നു. എന്നാൽ, ലൈസൻസ് ഓഗസ്റ്റ് 31 വരെ നീട്ടാൻ ദില്ലി സർക്കാർ തീരുമാനിച്ചു. എങ്കിലും ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ ദില്ലിയിലെ 468 സ്വകാര്യ മദ്യവിൽപ്പനശാലകൾ ഓഗസ്റ്റ് 1 മുതൽ അടച്ചിടാൻ തീരുമാനിച്ചു. ദില്ലി ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി ലഭിക്കുന്നതുവരെ മദ്യശാലകൾ പ്രവർത്തിക്കില്ലെന്നും ഉടമകൾ വ്യക്തമാക്കി.
നിലവിലുള്ള മദ്യവിൽപ്പന ലൈസൻസുകൾ ഒരു മാസത്തേക്ക് നീട്ടിയ ക്യാബിനറ്റ് തീരുമാനത്തിന് അനുമതി ലഭിക്കാനായി ലഫ്റ്റനന്റ് ഗവർണർക്ക് അയച്ചിട്ടുണ്ട്. ജൂലൈ 31 ന് ശേഷവും മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് ഗവർണറുടെ അനുമതിക്ക് ശേഷം പുറപ്പെടുവിക്കുമെന്ന് അധികൃതർ പറഞ്ഞു. വിവാദമായതിനെ തുടർന്ന് 2021-22ലെ എക്‌സൈസ് നയം റദ്ദാക്കാൻ ദില്ലി സർക്കാർ തീരുമാനിച്ചിരുന്നു. മദ്യനയത്തിൽ അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെ സിബിഐ അന്വേഷണത്തിന് ലെഫ്. ഗവർണർ നിർദേശം നൽകി. പഴയ മദ്യനയം ആറുമാസം തുടരാനും തീരുമാനിച്ചു. പകരം സംവിധാനമായി സെപ്റ്റംബർ ഒന്നുമുതൽ സർക്കാർ മദ്യവിൽപ്പനശാലകൾ ആറ് മാസത്തേക്ക് തുറന്ന് പ്രവർത്തിക്കുമെന്നും ഈ കാലയളവിൽ സ്വകാര്യ കച്ചവടക്കാർ വ്യാപാരം തുടരുമെന്നും അധികൃതർ അറിയിച്ചു.