
കണ്ണൂർ: കൊവിഡിന് പിന്നാലെ കണ്ണൂർ ജില്ലയിൽ ആശങ്കയായി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും. മലയോര മേഖലയിലാണ് കൂടുതൽ ആളുകൾക്ക് ഡെങ്കിപ്പനി ബാധിച്ചത്. കൊതുക് പെരുകുന്നത് തടയാൻ ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
നാല് മാസത്തിനിടെ ജില്ലയിൽ 153 പേർക്കാണ് ഡെങ്കിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. 35 പേർക്ക് രോഗം സ്ഥീരീകരിച്ചു. മലയോര മേഖലയായ അയ്യങ്കുന്ന്, നടുവിൽ, ആലക്കോട്, അങ്ങാടിക്കടവ്, പെരിങ്ങോം, പായം പഞ്ചായത്തുകളിലാണ് കൂടുതൽ രോഗബാധിതർ ഉള്ളത്. വേനൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. രോഗബാധ ഉണ്ടായ മേഖലകളിൽ ഫോംഗിങ്ങ്, മരുന്ന് തളിക്കൽ, കൊതുകുവല ലഭ്യമാക്കൽ, വീടുകളുടെ പരിസര ശൂചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Also Read: ഡെങ്കിപ്പനി; നിർബന്ധമായും ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ
കഴിഞ്ഞ മാസം ജില്ലയിൽ പത്തിലധികം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. നാല് മാസത്തിനിടെ നാൽപ്പത് പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. തളിപ്പറമ്പ്, ഏഴോം പ്രദേശങ്ങളിലാണ് കൂടുതൽ രോഗബാധിതർ. ആശങ്ക വേണ്ടെന്നും ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam