
തിരുവനന്തപുരം: കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31വരെ നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ചതിനെതിരെ കേരളം. ആർബിഐയുടേത് ജനദ്രോഹനടപടിയെന്ന് കൃഷി മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ ആർബിഐ ഡെപ്യൂട്ടി ഗവർണറെ നേരിട്ട് കാണുമെന്നും മന്ത്രി വിശദമാക്കി. ബാങ്ക് ജപ്തി നടപടിയെടുത്താൽ സഹകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. വീണ്ടും റിസർവ് ബാങ്കിനെ സമീപിക്കാനാണ് ആലോചന. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ഉടൻ വിളിച്ചുചേർക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.
സംസ്ഥാന സർക്കാറിനും കർഷകർക്കും വലിയ തിരിച്ചടിയായിട്ടാണ് കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ചത്. കർഷകരെടുത്ത കാർഷിക കാർഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയെ കാലാവധി ഡിസംബർ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതിന്‍റെ വിശദാംശങ്ങൾ ബാങ്കേഴ്സ് സമിതിക്ക് കൊടുത്തു. എന്നാൽ, മുമ്പ് പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ മൊറട്ടോറിയം നീട്ടിയതാണെന്നും ഇനി സാധ്യമല്ലെന്ന നിലപാട് ആർബിഐ സ്വീകരിച്ചു.
ഇത് വഴി വീണ്ടും ജപ്തി നടപടികളിലേക്ക് നീങ്ങാനുള്ള അവസരം ബാങ്കുകൾക്ക് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇടപെടാനുള്ള സാധ്യതകൾ സർക്കാർ തേടുന്നത്. ആർബിഐയെ സർക്കാർ വീണ്ടും സമീപിച്ചേക്കും. എന്നാൽ ഇക്കാര്യത്തിൽ ഇളവ് കിട്ടുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ആർബിഐ തീരുമാനം മാറാതെ ബാങ്കുകൾക്ക് ജപ്തി നടപടിയിൽ നിന്ന് പിന്മാറാനും സാധിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam