വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഓണപ്പിരിവ്; വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന്

By Web TeamFirst Published Aug 20, 2021, 6:51 AM IST
Highlights

സസ്പെൻഷനിലായ രണ്ടു ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് സമർപ്പിക്കുക. കോട്ടയം വിജിലൻസ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് കൈമാറുന്നത്

കട്ടപ്പന: ഏലത്തോട്ടമുടമകളിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ഷാൻട്രി ടോം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെ സബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് ആരംഭിച്ചു.

ഓണപ്പിരിവ് സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായി ഇടുക്കി ഫ്ലയിംഗ് ഡിഎഫ്ഒ പുളിയന്മല, വണ്ടൻമേട് സെക്ഷൻ ഓഫീസുകളിലെത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പരാതി നൽകിയ കാ‍ർഡമം ഗ്രോവേഴ്സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറിയുടെയും പിരിവ് നൽകിയ തോട്ടമുടമകളിൽ ഒരാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 

സസ്പെൻഷനിലായ രണ്ടു ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് സമർപ്പിക്കുക. കോട്ടയം വിജിലൻസ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് കൈമാറുന്നത്. ഇടുക്കിയുടെ വിവിധ ഭാഗത്ത് വ്യാപകമായി പിരിവ് നടത്തിയിട്ടുണ്ടെന്നാണ് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷൻ വിവരം നൽകിയിരിക്കുന്നത്.

മറ്റ് സെക്ഷനുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്ക് സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തും. സംഭവം വിവാദമായതിനെ തുടർന്ന് പണം തിരികെ നൽകി ഒത്തു തീർപ്പിലാക്കാനുള്ള ശ്രമങ്ങളും വനപാലകർ നടത്തുന്നുണ്ട്. കേസിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!