ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; 'കമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണം', പ്രതിഷേധ മാര്‍ച്ചുമായി നിക്ഷേപകര്‍

By Web TeamFirst Published Oct 26, 2020, 2:48 PM IST
Highlights

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാനായ  എംസി കമറുദ്ദീൻ എംഎൽഎയുടെ ഉപ്പളയിലെ വീട്ടിലേക്കായിരുന്നു നിക്ഷേപകരുടെ പ്രതിഷേധ മാർച്ച്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്ചിത എണ്ണം ആളുകൾ മാത്രം പങ്കെടുത്തായിരുന്നു പ്രതിഷേധം. 

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 87 വ‌‌ഞ്ചന കേസുകളിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ വീട്ടിലേക്ക് നിക്ഷേപകരുടെ പ്രതിഷേധ മാർച്ച്. അന്വേഷണ സംഘത്തിന്‍റെ മെല്ലെപ്പോക്കിൽ വലിയ അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി ഇടപണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു.

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാനായ  എംസി കമറുദ്ദീൻ എംഎൽഎയുടെ ഉപ്പളയിലെ വീട്ടിലേക്കായിരുന്നു നിക്ഷേപകരുടെ പ്രതിഷേധ മാർച്ച്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്ചിത എണ്ണം ആളുകൾ മാത്രം പങ്കെടുത്തായിരുന്നു പ്രതിഷേധം. ആഗസ്റ്റ് 27 നാണ് 3 നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീനെതിരെ ആദ്യത്തെ 3  വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തത്.  കേസുകൾ കൂടിയതോടെ അന്വേഷണം  സംസ്ഥാന ക്രൈംബ്രാഞ്ചും  പിന്നീട് എഎസ്പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ 30 അംഗ പ്രത്യേക അന്വേഷണ സംഘവും ഏറ്റെടുത്തു. 

എന്നാൽ രണ്ട് മാസമായിട്ടും മുഖ്യപ്രതികളായ  എംസി കമറുദ്ദീൻ എംഎൽഎയോ എംഡി പൂക്കോയ തങ്ങളെയോ ചോദ്യം ചെയ്യുക പോലുമുണ്ടായില്ല. അന്വേഷണ സംഘത്തിന്‍റെ മെല്ലെപ്പോക്കിൽ വലിയ അതൃപ്തിയെന്ന് നിക്ഷേപകർ. അതേ സമയം വഞ്ചന കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎ  ഹൈക്കോടതിയിൽ നൽകിയ ഹ‍‍ർജി നാളെ പരിഗണിക്കും.

click me!