
കൊച്ചി: ദിലീപുൾപ്പെട്ട (Dileep) ഗൂഡാലോചന കേസിലെ പ്രതി സൈബർ ഹാക്കർ (Cyber Hacker) സായ് ശങ്കർ ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതിയിൽ. തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുന്നെന്നാണ് ആക്ഷേപം. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്ക് കൈമാറിയിട്ടുണ്ട്.
കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായിയുടെ ആരോപണം. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കിൽ കൂടുതൽ കേസുകൾ വന്നുകൊണ്ടിരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞതായി ഹർജിയിൽ പ്രതി ആരോപിക്കുന്നു. എസ്പിയും സായിശങ്കറിന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണവും സായി പുറത്തുവിട്ടു.
ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായ് ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ചോദ്യം ചെയ്യലുമായി സായ് ശങ്കർ സഹകരിച്ചില്ല. തുടർന്ന് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സായ് ശങ്കറിന്റെ പുതിയ നീക്കം.
വധഗൂഢാലോചനക്കേസ്; ഹാക്കർ സായി ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി
വധഗൂഢാലോചനക്കേസില്‍ സ്വകാര്യ സൈബർ ഹാക്കർ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. മുൻകൂർ ജാമ്യ ഹാർജി ഈ ഘട്ടത്തിൽ നിലനിൽക്കില്ലന്ന് കോടതി നിരീക്ഷിച്ചു. ഹാക്കർ സായ് ശങ്കറിനെ ഇതുവരെ കേസില്‍ പ്രതി ചേർത്തിട്ടില്ല. സാക്ഷിയായാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമായിരുന്നു സായി ശങ്കറിന്‍റെ ആവശ്യം. അന്വേഷണത്തിന്റെ പേരിൽ ക്രൈം ബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നതായും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയതിനു പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനായുള്ള നീക്കം. ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതിനെ തുടർന്നാണ് ഹർജി മാറ്റിയത്.
നടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർകൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപിന്റെ ഫോണിലെ പേഴ്സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കർ വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam