
ദില്ലി : സ്വർണ്ണ കടത്ത് കേസിന്‍റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി. അസാധാരണ സാഹചര്യത്തില്‍ മാത്രമേ വിചാരണ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അനുവദിക്കൂവെന്നും കോടതി വ്യക്തമാക്കി.
വിചാരണ ബെംഗുളൂരുവിലേക്ക് മാറ്റണമെന്ന ഇഡി ആവശ്യത്തിൽ ധൃതിപിടിച്ചൊരു തീരുമാനത്തില്ലെന്ന് വ്യക്തമാക്കുകയാണ് കോടതി. സംസ്ഥാനത്ത് ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള കേസാണിത്. അതിനാൽ കേസ് മാറ്റുന്നതിൽ പ്രയോഗിക ബുദ്ധിമുട്ടുണ്ട്. അസാധാരണമായ സാഹചര്യത്തിലാണ് വിചാരണമാറ്റം അംഗീകരിക്കുക. നിയമവ്യവസ്ഥയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് വിഷയമാണിതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എന്നാൽ കേസുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യമുണ്ടെന്ന വാദം ഇഡി കോടതിയിൽ ആവർത്തിച്ചു. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമാകില്ലെന്നാണ് ഇഡിയുടെ വാദം. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത്. ഹർജി തള്ളണമെന്ന ആവശ്യം സംസ്ഥാനം ആവർത്തിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വിചാരണ കോടതിയിലെ നടപടികളെ കുറിച്ചാരാഞ്ഞ കോടതി, ഇക്കാര്യത്തിലെ പുരോഗതി അറിഞ്ഞ ശേഷം വാദം കേൾക്കുന്ന തീയതി അറിയിക്കാമെന്ന് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam