
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി ചുമതലയേല്‍ക്കുമെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് കെ ജയകുമാർ ഐഎഎസ്. വെല്ലുവിളി എന്നതിനേക്കാൾ വലിയ അവസരമായി ഇതിനെ കാണുമെന്നും തീർത്ഥാടനം ഭംഗിയാക്കുക എന്നതാണ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം ശബരിമല അല്ല, ശബരിമലയില്‍ ഉണ്ടായ പ്രശ്നങ്ങൾ കാരണം ആളുകൾ പല ചിന്തയിലാണ് വരുന്നത്. ഇവിടെ എല്ലാം കാര്യങ്ങൾ നന്നാണ് എന്നുറപ്പ് വരുത്തണം, വിശ്വാസികളുടെ വിശ്വാസത്തെയും കാത്തുരക്ഷിക്കണം. സർക്കാർ എന്നിൽ അർപ്പിച്ച വിശ്വാസവും കാക്കണം എന്നാണ് ജയകുമാര്‍ പ്രതികരിച്ചത്. കൂടാതെ ഉന്നത അധികാരസമിതി എന്ന നിലയിലും ചീഫ് കമ്മീഷ്ണർ എന്ന നിലയിലും ശബരിമലയിൽ രണ്ട് തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് തന്നെ. അതു കൊണ്ട് തന്നെ ശബരിമലയിൽ നിന്ന് കിട്ടിയത് അനുഭവസമ്പത്താണ്, ശബരിമല അന്യമോ അപരിചിതമോ ആയ സ്ഥലമല്ല. നാളെയാണ് ഉത്തരവ് വരുന്നതെങ്കിൽ നാളത്തന്നെ അല്ലെങ്കിൽ മറ്റന്നാൾ തന്നെ പോയി ചുമതലയേൽക്കും. സീസൺ തുടങ്ങാൻ പത്തു ദിവസമേയുള്ളൂ, സീസൺ ഭംഗിയാക്കാനാണ് ആദ്യ പ്രയോറിറ്റി എന്നും അദ്ദേഹം പറഞ്ഞു.
കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നാണ് നിലവില്‍ സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിർദേശിച്ചത്. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ രീതിയുലുള്ള പ്രതിരോധത്തിൽ നിൽക്കുകയാണ്. ഈ സമയത്താണ് കൂടുതൽ സ്വീകാര്യനായ മുൻ ചീഫ് സെക്രട്ടറിയും ബഹുമുഖ പ്രതിഭയുമായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.
ഇന്ന് ചേർന്ന സംസ്ഥാന സിപിഎം സെക്രട്ടറിയേറ്റിൽ അഞ്ച് പേരുകളാണ് വന്നത്. ഇതിൽ കൂടുതൽ പരിഗണന കെ ജയകുമാർ ഐഎഎസിനായിരുന്നു. മുഖ്യമന്ത്രിയടക്കം അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നൽകിയത്. പത്തനംതിട്ടയിൽ നിന്നുള്ള സതീശൻ എന്നയാളുടെ പേരാണ് ദേവസ്വം മന്ത്രി നിർദേശിച്ചത്. കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയേക്കുമോ എന്ന കാര്യത്തിൽ നാളെ തന്നെ അന്തിമ തീരുമാനം ഉണ്ടാകും.
കെ ജയകുമാർ ഐഎഎസ് ഇതാദ്യമല്ല ശബരിമലയുടെ ചുമതലയിൽ വരുന്നത്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ സ്പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.