
തിരുവനന്തപുരം: മിഥുനമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ ശബരിമലയിൽ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ശമനമായി. ആദ്യം ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച അനുകൂല തീരുമാനമെടുത്ത തന്ത്രി പിന്നീട് നിലപാട് മാറ്റി ഭക്തരെ പ്രവേശിപ്പിക്കരുതെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
'വിവാദം മലയിറങ്ങുമ്പോള്‍'- ഏഷ്യനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ നിന്ന്
ശബരിമല ക്ഷേത്രം തുറക്കുന്നതിനോട് ആദ്യം അനുകൂല നിലപാടെടുത്ത തന്ത്രികുടുംബം എന്തിനാണ് പെട്ടന്ന് നിലപാട് മാറ്റിയത്. അതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് ദേവസ്വം പ്രസിഡന്‍റ് എന്‍ വാസു പ്രതികരിച്ചു. തന്ത്രി കുടുംബവും ദേവസ്വം ബോര്‍ഡും തമ്മില്‍ പ്രശ്നങ്ങളില്ല. ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത് ഏകപക്ഷീയ നിലപാടുമല്ല. ക്ഷേത്രങ്ങള്‍ തുറക്കാൻ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചു. വിദഗ്തരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വെക്കാൻ കേന്ദ്രം തയ്യാറായതെന്ന് മനസിലാക്കണം. അതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ക്ഷേത്രം തുറക്കാൻ തീരുമാനിച്ചത്. ഗുജറാത്തിലടക്കം ക്ഷേത്രങ്ങൾ തുറന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ബിജെപി കേരളത്തിൽ മാത്രം ഈ നിലപാടെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേ സമയം ശബരിമല ക്ഷേത്രം തുറക്കേണ്ടെന്ന നിലപാടിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് വ്യക്തമാക്കി. എട്ടാം തിയ്യതി ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം വന്നു. അപ്പോള്‍ ശബരിമലയും തുറക്കാമെന്ന തീരുമാനമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ക്ഷേത്രം തുറക്കണമെന്നതില്‍ നിര്‍ബന്ധമില്ലെന്നും ഇതു സംബന്ധിച്ച് തീരുമാനം നമുക്കെടുക്കാമെന്ന് മനസിലായതോടെ ശബരിമലയില്‍ ഭക്തരെ ഇപ്പോള്‍ പ്രവേശിപ്പിക്കേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും ഇതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര് വ്യക്തമാക്കി.
അതേ സമയം കൊവിഡ് രോഗികളുടെ എണ്ണത്തിൽ പെട്ടന്നുണ്ടായ വര്‍ധനവാണ് ക്ഷേത്രം തുറക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കാൻ കാരണമെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. രോഗികളുടെ എണ്ണത്തിൽ പെട്ടന്നുണ്ടായ വര്‍ധനവ് വലിയ ആശങ്കയാണുണ്ടാക്കുന്നത്. നേരത്തെ ശബരിമല തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ നൂറിന് മുകളില്‍ കൊവിഡ് രോഗികള്‍ സംസ്ഥാനത്ത് ഉണ്ടാകുമ്പോള്‍ അത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതില്‍ വിശ്വാസികള്‍ക്ക് രാഷ്ട്രീയമില്ല. ഭക്തിയാണ് പ്രധാനം. തന്ത്രിയും ദേവസ്വം ബോര്‍ഡും പറയുന്നതെല്ലാവരും സ്വീകരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.
നേരത്തെ ശബരിമല സമരകാലത്തെ പിണറായി വിജയൻ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിലുള്ള മാറ്റമാണിതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ശബരിമലയില്‍ തന്ത്രിക്കാണ് കൂടുതല്‍ അധികാരമെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. കുറച്ച് സമയത്തിനുള്ളില്‍ കേരളത്തിന് പുറത്ത് നിന്നടക്കം കൂടുതല്‍ ആളുകളെത്തുന്ന സ്ഥലമാണ് ശബരിമല. ശബരിമലയില്‍ സമൂഹവ്യപനത്തിന് സാധ്യതയുണ്ടെന്നും ദേവസ്വം ബോര്‍ഡ് മുൻ അംഗം അജയ് തറയില്‍ പ്രതികരിച്ചു.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam