ദേവികയുടെ മൃതദേഹം സംസ്കരിച്ചു, സഹോദരിയുടെ പഠന ചെലവും സുരക്ഷിത ഭവനവും ഉറപ്പുനൽകി യൂത്ത് കോൺഗ്രസ്

By Web TeamFirst Published Jun 2, 2020, 7:49 PM IST
Highlights

കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു

കോഴിക്കോട്: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് തീളുത്തി മരിച്ച ഒൻപതാം ക്ലാസുകാരിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ദേവിക ഇന്നലെയാണ് തീ കൊളുത്തി മരിച്ചത്. ദേവികയുടെ സഹോദരിയുടെ പഠന ചെലവും ഇവർക്ക് വേണ്ട ഓൺലൈൻ പഠന ഉപകരണങ്ങളും കുടുംബത്തിന് സുരക്ഷിത ഭവനവും യൂത്ത് കോൺഗ്രസ് നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ വ്യക്തമാക്കി.

പാവപെട്ട കുട്ടികൾക്ക് ഓൺലൈൻ  പഠന ഉപകരണങ്ങൾ വാങ്ങി നൽകാൻ എം.എൽ.എ ഫണ്ട് ഉപയോഗിക്കാൻ സർക്കാർ അനുവാദം നൽകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഞാൻ പോകുന്നുവെന്ന് ദേവിക തന്റെ നോട്ടുബുക്കിൽ കുറിച്ചത് പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ കാണാതായ ദേവികയുടെ മൃതദേഹം വൈകിട്ട് ആറുമണിയോടെയാണ് വീടിനു സമീപത്തെ പറമ്പിൽ കണ്ടത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. പണം ഇല്ലാത്തതിനാൽ വീട്ടിലെ കേടായ ടിവി നന്നാക്കാൻ കഴിഞ്ഞില്ല. സ്മാർട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തി. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് കുറെ ദിവസങ്ങളായി പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. മരണമറിഞ്ഞ് ജനപ്രതിനിധികളും വിദ്യഭ്യാസ വകുപ്പുദ്യോഗസ്ഥരും ദേവികയുടെ വീട്ടിലെത്തി. 

click me!