
തിരുവനന്തപുരം : എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശമുണ്ട് ആർ എസ് എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളി.
പിവി അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. റിദാൻ കേസിൻ്റെ അന്തിമ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിൽ അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോർട്ടിലുളളത്. ഈ രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും.
എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയർത്തിയത്. പലതരം അന്വേഷണം നടക്കുന്നതിനിടെ ആർഎസ്എസ് കൂടിക്കാഴ്ചയിലും അൻവറിൻറെ പരാതികളിലുമാണ് ഇന്ന് ഡിജിപി റിപ്പോർട്ട് നൽകിയത്. ഇതിൽ അജിത് കുമാറിന് വിനയായത് ആർഎസ്എസ് കൂടിക്കാഴ്ചയാണ്. വൻ വിവാദങ്ങൾക്കിടെ ഒടുവിൽ എഡിജിപി തെറിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam