എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ്; ഫയര്‍ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റം ലഭിക്കും

Published : Apr 26, 2025, 04:13 PM ISTUpdated : Apr 26, 2025, 05:42 PM IST
എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ്; ഫയര്‍ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റം ലഭിക്കും

Synopsis

ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ ബുധനാഴ്ച വിരമിക്കുമ്പോള്‍ മനോജിന് ഡിജിപി റാങ്കില്‍ നിയമനം കിട്ടും.

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാന കയറ്റം. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ ബുധനാഴ്ച വിരമിക്കുമ്പോള്‍ മനോജിന് ഡിജിപി റാങ്കില്‍ നിയമനം കിട്ടും. മനോജ് ഒഴിയുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തിക ഒഴിച്ചിടാനുള്ള ആലോചന സര്‍ക്കാരിൽ സജീവമാണ്.

1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. ഇന്‍റലിജന്‍സ് മേധാവി, വിജിലൻസ് ഡയറക്ടർ പൊലീസ് ആസ്ഥാനത്തെ എഡിജിപി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇനി ഏഴു വർഷം ഡിജിപി റാങ്കിലുണ്ടാകും. കെ. പത്മകുമാർ വിരമിക്കുമ്പോള്‍ ഫയര്‍ഫോഴ്സ് മേധാവി തസ്തികയിലേയ്ക്ക് മനോജ് എബ്രഹാം എത്താനാണ് സാധ്യത. പകരം ആരാകും ക്രമസമാധാന ചുമതലയുള്ള എഡിജിപിയെന്നതിലാണ് ആകാംക്ഷ. ഈ കസേര ഒഴിച്ചിടാനുള്ള ചര്‍ച്ച സര്‍ക്കാരിൽ സജീവമാണ്. റെയ്ഞ്ച് ഐജിമാർ നേരിട്ട് ഡിജിപിക്ക് റിപ്പോർട്ട് ചെയ്യുന്ന പഴയ രീതിയിലേയ്ക്ക് മാറാനാണ്  സാധ്യത. ക്രമസമാധാന ചുമതലയിലേയ്ക്ക് പരിഗണിക്കുന്നവര്‍ ഇപ്പോള്‍ വഹിക്കുന്ന ചുമതലയിൽ പകരം നിയമിക്കാൻ എഡിജിപിമാരില്ലായെന്നതാണ് കാരണം.

പൊലീസ് ആസ്ഥാനത്തെ  എഡിജിപി എസ്. ശ്രീജിത്തോ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷോ ആണ് മനോജ് ഒഴിയുമ്പോള്‍ ക്രമസമാധാന ചുമതലയിലേയ്ക്ക് പരിഗണിക്കുന്നവര്‍. എന്നാൽ ഇവര്‍ക്ക് പകരമൊരാളെ നിയമിക്കണമെങ്കിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ദിനേന്ദ്ര കശ്യപ് ആഗസ്തിൽ തിരിച്ചെത്തണം. മറ്റ്  എഡിജിപിമാരെല്ലാം പ്രധാന തസ്തികയിലാണ്. ക്രമസമാധാന ചുമതലയിലേക്ക്  എം ആര്‍ അജിത്കുമാര്‍ തിരിച്ചെത്താനും സാധ്യതയില്ല.

പൊലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് ജൂണ്‍ 30ന് വിമരിക്കുമ്പോള്‍ അജിത്തിന് ഡിജിപി ഗ്രേഡ് ലഭിക്കും. പുതിയ പൊലീസ് മേധാവിയാകാൻ ഡിജിപി റാങ്കിലുള്ളവര്‍ ചരടുവലി തുടങ്ങിക്കഴിഞ്ഞു. ഐബി സ്പെഷ്യൽ ഡയറക്ടർ റാവഡാ ചന്ദ്രശേഖർ അപേക്ഷ നൽകി. കേന്ദ്രസര്‍വീസിൽ നിന്ന്  നിതിൻ അഗർവാള്‍ തിരിച്ചെത്തുകയും ചെയ്തു. ആറുപേരുടെ പരിഗണന പട്ടികയാണ് മെയ് ആദ്യവാരം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയക്കുന്നത്. സീനിയോറിറ്റി പരിഗണിച്ച് നിധിൻ അഗർവാള്‍, റാവഡ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകള്‍  കേന്ദ്രം തിരിച്ചയക്കാനാണ് സാധ്യത.

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ