ഷൊർണ്ണൂർ: വിവാദങ്ങളുടെ ഒരു സർവീസ് കാലയളവിനൊടുവിൽ ജേക്കബ് തോമസ് ഐപിഎസ് പടിയിറങ്ങുന്നതും നാടകീയമായാണ്. ''പരശുരാമന്‍റെ ഒരു മഴു പണിതിട്ടുണ്ട്. അപ്പോ ഈ മഴുവുമായി അടുത്ത റോളിലേക്ക്'', എന്നാണ് ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായിരിക്കെ വിരമിക്കുമ്പോൾ ജേക്കബ് തോമസ് പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് പറയുന്ന അദ്ദേഹം രാഷ്ട്രീയപ്രവേശനസാധ്യതയും തള്ളിക്കളയുന്നില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എന്ന് മാത്രമാണ് മറുപടി.
കമ്പനി ഷോറൂമിൽ നിന്ന് കത്തിയും മടവാളും ചിരവയുമെല്ലാം പണം വാങ്ങിയാണ് അദ്ദേഹം മടങ്ങുന്നത്. അവസാനദിവസം ഓഫീസിൽ കിടന്നുറങ്ങിയ ചിത്രം പോസ്റ്റ് ചെയ്ത അദ്ദേഹം ഒരു യാത്രയയപ്പ് ചടങ്ങിൽ പോലും പങ്കെടുക്കാതെയാണ് 35 വർഷത്തെ ഐപിഎസ് സേവനം അവസാനിപ്പിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് നടന്നതും, ഐപിഎസ് അസോസിയേഷൻ നടത്തിയതുമായ യാത്രയയപ്പ് ചടങ്ങുകളിൽ നിന്ന് ജേക്കബ് തോമസ് വിട്ടു നിൽക്കുകയായിരുന്നു.
പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴുള്ള പൊലീസ് അഴിച്ചുപണിയിൽ വിജിലൻസ് ഡയറക്ടറുടെ സുപ്രധാന തസ്തികയിൽ നിന്ന് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡി പദവിയിലേക്ക്. ഇടയ്ക്ക് നിർബന്ധിത അവധി, നിയമപോരാട്ടം. കഴിഞ്ഞ രണ്ട് സർക്കാരുകളുടെ കാലത്ത് ജേക്കബ് തോമസ് ഐപിഎസ് എന്ന പേര് വാർത്തകളിൽ എന്നും തലക്കെട്ടായി നിറഞ്ഞു നിന്നു.
ഈ സർക്കാരിന്‍റെ തുടക്കകാലത്ത് ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. പക്ഷേ, വിവിധ മേഖലയിൽ വിജിലൻസ് പിടിമുറുക്കിയതോടെ ഐഎഎസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ജേക്കബ് തോമസിനു എതിരെ തിരിഞ്ഞു. ഒന്നിന് പുറകേ ഒന്നായി ജേക്കബ് തോമസിനെതിരെ ആരോപണങ്ങള്‍ പ്രതിപക്ഷം കൊണ്ടുവന്നു. പക്ഷേ, സഭക്കകത്തും പുറത്തും മുഖ്യമന്ത്രി ജേക്കബ് തോമസിനെ അനുകൂലിച്ചു.
കേസെടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലുമെല്ലാം വിജിലൻസിൽ അടിമുടി പരിഷ്കാരങ്ങൾ കൊണ്ടുവന്നു ജേക്കബ് തോമസ്. ജനകീയ പങ്കാളിത്വത്തോടെ 'വിജിൽ കേരള പദ്ധതി' നടപ്പാക്കി. ജേക്കബ് തോമസെന്ന ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റി എന്നും വാർത്തകളും വിവാദങ്ങളും നിറഞ്ഞു.
ഇ പി ജയരാജനെതിരെ ബന്ധുനിയമന പരാതിയിൽ കേസെടുത്തതോടെ പക്ഷേ, കഥ മാറി. സർക്കാരുമായി നേരിട്ടൊരു ഏറ്റുമുട്ടലിലേക്ക് ജേക്കബ് തോമസ് പോയി. ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ഇടഞ്ഞതോടെ മുഖ്യമന്ത്രിയും ജേക്കബ് തോമസിനെ കൈവിട്ടു. ജേക്കബ് തോമസ് കൊണ്ടുവന്ന പരിഷ്കാരങ്ങളെല്ലാം സർക്കാർ തിരുത്തി. പിന്നാലെ ജേക്കബ് തോമസിനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശിച്ചു. പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റക്കു തന്നെ വിജിലൻസ് ഡയറക്ടറുടെ ചുമതലയും നൽകി.
അവധി കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ഐഎംജി ഡയറക്ടുടെ താരതമ്യേന അപ്രധാനമായ പദവിയാണ് ജേക്കബ് തോമസിന് പിന്നീട് സർക്കാർ നൽകിയത്. ഇതോടെ സർക്കാരിന്‍റെ അടുത്ത വിമർശകനായ ജേക്കബ് തോമസ്, ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച സമയത്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഇതോടെ സസ്പെൻഷനിലായ ജേക്കബ് തോമസ് പിന്നീട് അനുമതിയില്ലാതെ പുസ്കങ്ങള്‍ എഴുതിയതിന് വീണ്ടും അച്ചടക്ക നടപടിക്ക് വിധേയനായി. രണ്ടു വർഷം അച്ചക്കടനടപടിയുടെ ഭാഗമായി പുറത്തുനിന്ന ജേക്കബ് തോമസ് നിയമപോരാട്ടത്തിനൊടുവിലാണ് സർവ്വീസിൽ തിരികെയെത്തിയത്. നഷ്ടത്തിലോടുന്ന ഷൊർണ്ണൂർ മെറ്റൽ ഇൻസ്ട്രീസിലാണ് സംസ്ഥാനത്തെ ഏറ്റവും മുതിന്ന ഐപിഎസ് ഉദ്യോഗസ്ഥന് സർക്കാർ പിന്നീട്‍ കസേര നൽകിയത്.
101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത കത്തിയുണ്ടാക്കും എന്നാണ് തന്നെ ഒതുക്കിയതിനെക്കുറിച്ച്, ഹാസ്യത്തിൽ പൊതിഞ്ഞ പതിവ് വിമർശന ശൈലിയിൽത്തന്നെ അന്ന് ജേക്കബ് തോമസ് മറുപടി നൽകിയത്. പടിയിറങ്ങുന്നതിന് തലേന്ന്, തമിഴ്നാട്ടിലെ രാജാപാളയത്ത് അനധികൃതമായി സ്വത്ത് വാങ്ങിയെന്ന കേസ് എഴുതിത്തള്ളാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെ, സർക്കാർ അനുവാദമില്ലാതെ പുസ്കമെഴുതിയ കേസിൽ ജേക്കബ് തോമസിനെതിരെ സർക്കാർ നൽകിയ പ്രോസിക്യൂഷൻ അനുമതി കൂടി ജേക്കബ് തോമസിന് മുമ്പിലുണ്ട്. അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച ഉദ്യോഗസ്ഥൻ വിരമിക്കുന്ന സമയത്ത് രണ്ട് അഴിമതിക്കേസുകളിൽ പ്രതിയാണെന്നതും ശ്രദ്ധേയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam