
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‍കറിന്‍റെ അപകടമരണം സിബിഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാരിനെ അറിയിക്കും. വിഷയത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന റിപ്പോർട്ടും ഡിജിപി മുഖ്യമന്ത്രിക്ക് നൽകും. കേസിൽ ചില സാമ്പത്തിക ഇടപാടുകൾ കൂടി പരിശോധിക്കണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം.
ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം
കഴിഞ്ഞദിവസം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് ഡിജിപി അറിയിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‍കറിന്റെ അച്ഛൻ നൽകിയ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
അതേസമയം, ബാലഭാസ്‍കറിന്‍റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജ്ജുനാണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വാഹനമോടിച്ചത് ബാലഭാസ്‍കറാണെന്ന അർജ്ജുന്‍റെ മൊഴി തള്ളുന്നതായിരുന്നു ശാസ്ത്രീയപരിശോധനാ ഫലങ്ങള്‍. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും വച്ചാണ് അപകടമരണമാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിയത്. സ്വർണക്കടത്തുകേസിലെ പ്രതികളായ സുഹൃത്തുക്കള്‍ ബാലഭാസ്‍കറിനെ കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണം ക്രൈം ബ്രാഞ്ച് തള്ളിയിരുന്നു.
Read More:ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കുമോ? തീരുമാനം അടുത്തയാഴ്ച
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam