ഇലന്തൂർ നരബലി; കൂടുതൽ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി; തെളിവെടുപ്പ് ഇന്ന്

Published : Oct 15, 2022, 08:47 AM ISTUpdated : Oct 15, 2022, 09:08 AM IST
ഇലന്തൂർ നരബലി; കൂടുതൽ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി; തെളിവെടുപ്പ് ഇന്ന്

Synopsis

മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായ്കളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് പൊലീസ് തയ്യാറെടുക്കുന്നത്.

തിരുവനന്തപുരം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി ‍ഡിജിപി അനിൽകാന്ത്. കൂടുതൽ മൃതദ്ദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. വിശദമായി തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായ്കളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. മറ്റേതെങ്കിലും മൃതദേഹങ്ങൾ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചിൽ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പൊലീസ് തീരുമാനിച്ചത്. 

ഇരട്ടനരബലി നടന്ന വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് പരിശോധന: പ്രതികളുടെ തെളിവെടുപ്പും ഇന്ന്

നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്നു എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. പ്രതികളെ മൂന്ന് പേരേയും  ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. അന്വേഷണത്തിൻ്റെ ഭാഗമായുള്ള തെളിവെടുപ്പും ഇന്ന് നടക്കും.

ഇനിയും മൃതദേഹങ്ങളുണ്ടോ?  ഇലന്തൂരിലെ വീട്ടുവളപ്പിൽ നാളെ ജെസിബി ഉപയോഗിച്ച് പരിശോധന

ഷാഫിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ അഭരണങ്ങൾ  പണയപ്പെടുത്തിയതിന്‍റെ  അടക്കം രേഖകളാണ് കിട്ടിയത്. ഷാഫിയുടെ കൊച്ചിയിലെ വീട്ടിലും ഹോട്ടലിലും പൊലീസ് പരിശോധന  നടത്തി. ഇക്കഴി‍ഞ്ഞ സെപ്റ്റംബർ 26 ന് തമിഴ്നാട് സ്വദേശിനിയായ പദ്മയെ കൊലപ്പെടുത്തിയശേഷം ഇവരുടെ നാലര പവൻ ആഭരണങ്ങൾ കൊച്ചി ഗാന്ധി നഗറിലെ സ്ഥാപനത്തിൽ പണയം വെച്ചെന്നാണ് ഷാഫിയുടെ മൊഴി. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം ഭാര്യയെ ചോദ്യം ചെയ്തു. 

ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ആഭണങ്ങൾ പണയപ്പെടുത്തിയത്. ഇതിൽ നാൽപതിനായിരം രൂപ വിവിധ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ഭാര്യയെ ഏൽപിച്ചു. വാഹന ഇടപാടിൽ കിട്ടിയ പണമാണെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. ഇതുകൂടാതെ മറ്റ് ചില സ്വർണാഭരണങ്ങളും പണയം വെച്ചതിന്‍റെ രേഖകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇത് ആരുടെ ആഭരണങ്ങളാണ് എന്നത് സംബന്ധിച്ചും അന്വേഷണം തുടരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്