ഷാരോൺ കൊലക്കേസ്; കേസന്വേഷണം തമിഴ്നാടിന് കൈമാറുന്നത് നിയമോപദേശം ലഭിച്ച ശേഷം മാത്രമെന്ന് ഡിജിപി

By Web TeamFirst Published Nov 9, 2022, 5:19 PM IST
Highlights

കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിന്‍റെ അന്വേഷണം തമിഴ്നാടിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനം നിയമോപദേശം കിട്ടിയ ശേഷം മാത്രമെന്ന് ഡിജിപി. കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 

അതേസമയം, ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. തമിഴ്നാട്ടിലെ നെയ്യൂരിൽ കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. 50 ഡോളോ ഗുളികകൾ പൊടിച്ച് മാങ്ങാജ്യൂസിൽ കലര്‍ത്തിയായിരുന്നു വധശ്രമം. എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു എന്നാണ് ഗ്രൂഷ്മയുടെ മൊഴി. കോളേജിലും ത്രിപ്പരപ്പിൽ ഇരുവരും ഒരുമിച്ച് താമസിച്ച ഹോം സ്റ്റേയിലും അടക്കം ഗ്രീഷ്മയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി കഴിഞ്ഞ ഗ്രീഷ്മയെ നാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

നാഗര്‍കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാതെ വന്നതോടെയാണ് വധിക്കാൻ ഗ്രീഷ്മ ശ്രമം തുടങ്ങി എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. നെയ്യൂര്‍ ക്രിസ്റ്റ്യൻ കോളേജിൽ വച്ചായിരുന്നു ആദ്യ വധശ്രമം. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയിൽ 50 ഡോളോ ഗുളികകൾ പൊടിച്ച് കലര്‍ത്തി ഷാരോണിന് കുടിയ്ക്കാൻ നൽകി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞതുകൊണ്ടാണ് ഷാരോൺ രക്ഷപ്പെട്ടത്. 

Also Read: ഷാരോണിനെ വധിക്കാൻ കോളേജിൽ വെച്ച് ജ്യൂസിൽ 50 ഡോളോ ഗുളിക കലർത്തി നൽകി, പക്ഷെ പാളി; വിശദീകരിച്ച് ഗ്രീഷ്മ

ക്രിസ്റ്റ്യൻ കോളേജിനോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസ് നൽകിയത്. ആശുപത്രിയിലും കോളേജിലും ഗ്രീഷ്മ ജ്യൂസ് വാങ്ങിയ കടയിലും അടക്കം അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കുഴുത്തുറ പഴയ പാലത്തിൽ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി. പാലത്തിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നൽകി ഷാരോണിനെ വകവരുത്തിയത്. 

click me!