
കൊച്ചി: കൊച്ചി കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. ഡിഎംഒ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.
ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്.
ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും. പരിശോധനയിൽ ഫ്ലാറ്റിലെ ഒരാളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതു തന്നെയാണോ ഇത്രയും പേർക്ക് അസുഖം വരാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല.
50 പേർ സൺ റൈസ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. നിലവിൽ ആരും ആശുപത്രിയിൽ അഡ്മിറ്റ് അല്ല. വെള്ളത്തിൽ നിന്നുള്ള ബാക്ടീരിയ അണുബാധ തന്നെയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന് അസോസിയേഷനെതിരെ പരാതിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam