Kerala Alcohol Consumption : കേരളത്തിലെ കുടിയന്മാർ നന്നാവാൻ തീരുമാനിച്ചോ? അതോ 'കുടി'ക്കു പകരം 'വലി'കൂടിയോ?

Published : Feb 17, 2022, 01:14 PM IST
Kerala Alcohol Consumption : കേരളത്തിലെ കുടിയന്മാർ നന്നാവാൻ തീരുമാനിച്ചോ? അതോ 'കുടി'ക്കു പകരം 'വലി'കൂടിയോ?

Synopsis

കേരളത്തിലെ മദ്യ ഉപഭോഗം നാലുവർഷം മുമ്പുള്ളതിനേക്കാൾ 46 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട് 

തിരുവനന്തപുരം: കേരളം കേരം തിങ്ങും നാട് മാത്രമല്ല. കുടിയന്മാർ കൂടും നാടുകൂടിയാണ്. എല്ലാവർഷവും ഉത്രാടപ്പാച്ചിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളിൽ മുടങ്ങാതെ വരാറുള്ള മറ്റൊരു വാർത്ത ഉത്രാടനാളിൽ കേരളത്തിലെ മദ്യപർ കുടിച്ചു തീർത്ത കോടിക്കണക്കിനു രൂപയുടെ കണക്കുകൾ കൂടിയാണ്. ഇഞ്ചോടിഞ്ചു പോരാട്ടം നടത്തി ഒന്നാമതെത്തിയത് പവർ ഹൗസ് പ്രീമിയം ഔട്ട്ലെട്ടോ, അതോ ചാലക്കുടി ബിവറേജോ എന്നറിയാനുള്ള ആകാംക്ഷ എല്ലാവർഷവും ഉള്ളത്  മലയാളികളായ മദ്യപാനികൾക്ക് മാത്രമല്ല, നാട്ടുകാർക്കെല്ലാവർക്കുമാണ്. ജീവിതത്തിന്റെ തത്രപ്പാടുകൾക്കിടയിൽ ഒരല്പം മദ്യം കഴിച്ചെങ്കിലും പൗരന്മാർ ആശ്വാസം കണ്ടെത്തട്ടെ എന്ന തോന്നലുള്ളതുകൊണ്ടാണോ എന്നറിയില്ല, ഓരോ ബജറ്റിലും മലയാളിയെ കൂടുതൽ സൗകര്യത്തോടെ കുടിപ്പിക്കാനുള്ള ശ്രമങ്ങളാണ് മാറിമാറി വരുന്ന സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ളത്. ഇത്തവണത്തെ പുതിയ മദ്യനയത്തിലെ  വിശദവിവരങ്ങൾ പരിശോധിച്ചാൽ നമുക്ക് അത് ബോധ്യം വരും. ത്രീസ്റ്റാറിനും മുകളിലുള്ള ഹോട്ടലുകൾക്ക് തുടർന്നും ബാറുകൾ അനുവദിക്കുന്ന നയം തുടരുമെന്നാണ് സൂചന. ബിവറേജസ് കോർപ്പറേഷനും കൂടുതൽ ഔട്ട്ലെറ്റുകൾ അനുവദിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ബാർ ലൈസൻസ് ലക്ഷ്യമിട്ട് സംസ്ഥാനത്ത ത്രീ സ്റ്റാർ പദവി നേടി കാത്തിരിക്കുന്നത് ഇരുപതിലധികം സ്ഥാപനങ്ങളാണ്. മദ്യവില്പനാ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കണം എന്നുള്ള കോടതിവിധിയുടെ മറവിൽ നാട്ടിൽ മദ്യമൊഴുക്കാനുള്ള തങ്ങളുടെ തീരുമാനം സർക്കാർ നടപ്പിലാക്കുന്നത്. ജനപ്രിയമായ ജവാൻ റമ്മിന്റെ നിർമാണം ഇരട്ടിയാക്കാനുള്ള, പഴങ്ങൾ വറ്റി തദ്ദേശീയമായ മദ്യയിനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ പലതും നടക്കുന്നുണ്ട്. 

ഇങ്ങനെ പല മാർഗ്ഗങ്ങളിലൂടെ സർക്കാർ നാട്ടിലെ മദ്യലഭ്യത നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാക്കിയിട്ടും, നാട്ടിൽ മദ്യപരുടെ എണ്ണം കൂടുന്നു എന്ന പൊതുബോധത്തിനു വിരുദ്ധമായി, കേരളത്തിലെ മദ്യ ഉപഭോഗം പോകുന്നത് താഴേക്കാണ് എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 -20 -ൽ നടന്ന അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം, 19.9% പുരുഷന്മാരും 0.2%  സ്ത്രീകളുമാണ് മദ്യപിച്ചിരുന്നത് എങ്കിൽ, ഇതിനു മുമ്പ് 2015-16 -ൽ നടന്ന നാലാം സർവേ പ്രകാരം അത് 37% പുരുഷന്മാരും 1.6 % സ്ത്രീകളുമായിരുന്നു. അതായത് കേരളത്തിലെ മദ്യ ഉപഭോഗം നാലുവർഷം മുമ്പുള്ളതിനേക്കാൾ 46 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട് എന്നർത്ഥം. ഈ NFHS സർവേഫലങ്ങളെ സാധൂകരിക്കുന്ന തരത്തിലാണ് കേരള ബിവറേജസ് കോർപ്പറേഷന്റെ വില്പനക്കണക്കുകളും. 2015-16 -ൽ ബെവ്കോ 355.95 ലക്ഷം കേസുകൾ വിട്ടിട്ടുണ്ട് എങ്കിൽ, 2019-20 -ൽ അത് 334.08 ലക്ഷം കേസായി കുറഞ്ഞിട്ടുണ്ട്. 

ഈ ട്രെന്റിന് കാരണമായി ബെവ്കോ ചെയർമാൻ ശ്യാം സുന്ദർ ചൂണ്ടിക്കാണിക്കുന്നത് എക്സൈസ് വകുപ്പിന്റെ വിമുക്തി എന്ന മദ്യ വിരുദ്ധ കാമ്പെയിൻ ആണ് എന്നാണ്. എന്നാൽ, ഈ ഇടിവിനുള്ള പ്രധാന കാരണം യുവാക്കളിൽ വർധിച്ചു വരുന്ന കഞ്ചാവടക്കമുള്ള മയക്കുമരുന്നുകളുടെ ഉപയോഗമാണ് എന്ന് ബാർ ഹോട്ടൽസ് അസോസിയേഷൻ മുൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് പ്രതികരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്