മദ്യപിച്ചല്ല കാർ ഓടിച്ചതെന്ന് ശ്രീറാം; പൊലീസ് മൊഴി രേഖപ്പെടുത്തി, വിരലടയാളം ശേഖരിച്ചു

By Web TeamFirst Published Aug 9, 2019, 2:44 PM IST
Highlights

രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല. കാറിന്‍റെ ഇടത് ഭാഗമാണ് തകർന്നത് കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കും ഇല്ല ഇത് എങ്ങനെയെന്ന്‌ പോലീസ് പരിശോധിക്കണമെന്നും ശ്രീറാം

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മദ്യപിച്ചല്ല കാർ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയിൽ. രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല.  അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയില്‍ പറഞ്ഞു. 

തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണ എന്ന്‌ ശ്രീറാം കോടതിയില്‍ പറഞ്ഞു. കാറിന്‍റെ ഇടത് ഭാഗമാണ് തകർന്നത് കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കും ഇല്ല ഇത് എങ്ങനെയെന്ന്‌ പോലീസ് പരിശോധിക്കണമെന്നും ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടു. വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്ന്  ചോദിച്ച കോടതിയോട് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്ന്‌ ശ്രീറാം മറുപടി നല്‍കി.  

അതേസമയം ശ്രീറാം കാർ ഓടിച്ചത് അമിത വേഗത്തിലാണെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു. മദ്യപിച്ചില്ലെങ്കിലും നരഹത്യ വകുപ്പ് നിലനിൽക്കും എന്ന്‌ സർക്കാർ കോടതിയില്‍ വ്യക്തമാക്കി. അപകടം ഉണ്ടാകാൻ സാധ്യത ഉള്ള കാര്യം അയാൾക്ക്‌ അറിയാമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

click me!