
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്. സിഐ സുദർശന്‍റെ കൈ വെട്ടും എന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ചുകൊല്ലും എന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. ബാലചന്ദ്രകുമാർ സാക്ഷിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും ദിലീപ് വാദിച്ചു. എഫ്ഐആർ നിലനിൽക്കില്ലെന്നും ഈ അന്വേഷണ സംഘം കേസ് അന്വേഷിച്ചാൽ നീതി കിട്ടില്ലെന്നുമാണ് പ്രതിഭാഗം വാദം.
ദിലീപിന്റെ അഭിഭാഷകരുടെ വാദം ഇങ്ങനെ
ബാലചന്ദ്രകുമാറിന്‍റെ മൊഴി മാത്രം വിശ്വസിച്ച് മുന്നോട്ട് പോകരുത്, എഫ്ഐആർ ഇടാൻ വേണ്ടി പൊലീസ് ബാലചന്ദ്രകുമാറിന്‍റെ പുതിയ സ്റ്റേറ്റ്മെന്റ് എടുക്കുകയായിരുന്നു, ദിലീപ് വാദിച്ചു. ചില 161 സ്റ്റേറ്റ്മെന്റുകൾ വിശ്വാസത്തിൽ എടുക്കരുത് എന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.
എ വി ജോർജ് ൻ്റെ വീഡിയോ കണ്ടിട്ടാണ് ദിലീപ് നിങ്ങൾ അനുഭവിക്കും എന്ന് പറഞ്ഞത് എന്നാണ് ബാലകൃഷ്ണകുമാറിന്റെ മൊഴി. പക്ഷേ അന്ന് എ വി ജോർജ് അന്വേഷണം സംഘത്തിൽ ഇല്ല എന്നും ദിലീപ് വാദിച്ചു. സോജൻ ,സുദർശൻ എന്നിവർക്ക് നല്ല ശിക്ഷ ആയിരിക്കും കിട്ടുന്നത് എന്നും ദിലീപ് പറഞ്ഞതായി മൊഴിയിൽ ഉണ്ടെന്ന് ദിലീപിൻ്റെ അഭിഭാഷകന് കോടതിയിൽ വാദിച്ചു. മുമ്പ് പറഞ്ഞതിലും ഇപ്പോൾ പറയുന്നതിലും വൈരുദ്ധ്യമുണ്ടെന്നാണ് വാദം.
സുദർശൻ്റെ കൈവെട്ടണം എന്ന് പറയുന്നത് കെട്ടിച്ചമച്ചതാണെന്ന് ദിലീപ് പറയുന്നു. എൻ്റെ ദേഹത്ത് ആരും കൈ വച്ചിട്ടില്ല, പിന്നെ എന്തിന് അങ്ങനെ പറയണം. ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ച് കൊല്ലും എന്ന് പറഞ്ഞിട്ടില്ല. വണ്ടി ഇടിച്ചു മരിച്ചാൽ 1.5 കോടി വരും അല്ലേ എന്നത് പ്രോസിക്യൂഷൻ കേസ്. ഈ പോലീസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിച്ചാൽ എനിക്ക് എങ്ങനെ നീതി കിട്ടും എന്ന് ദിലീപ് ചോദിക്കുന്നു.
എങ്ങനെ എങ്കിലും ഒരു കേസ് രജിസ്റ്റർ ചെയ്യാൻ ആണ് ഇവർ ചെയ്യുന്നത്. അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന ചാർജ് ഉൾപ്പെടുത്താൻ പല കാര്യങ്ങളും കൂട്ടിച്ചേർത്തു. കേസിലെ പ്രധാന ഗൂഡാലോചനക്കാരൻ ബാലചന്ദ്രകുമാർ എന്ന് ദീലീപ് പറയുന്നു. അന്വേഷണസംഘവുമായി ചേർന്ന് ഗൂഡാലോചന നടത്തിയതിൽ ബാലചന്ദ്രകുമാറിന് പങ്കുണ്ട്. സാക്ഷിയായല്ല ഗൂഡാലോചനക്കാരനായാണ് ബാലചന്ദ്രകുമാറിനെ കാണേണ്ടെന്നും ദിലീപ് വാദിച്ചു.
ഓഡിയോ ശബ്ദത്തിൽ താൻ പരാർമർശം നടത്തുമ്പോൾ മറ്റാരും പ്രതികരിക്കുന്നില്ല, പിന്നെയെങ്ങനെ തനിക്കെതിരെ ഗൂഡാലോചന നിലനിൽക്കുമെന്നും ദിലീപ് ചോദിക്കുന്നു. സാംസ്ങ് ടാബിൽ ബാലചന്ദ്രകുമാർ തന്‍റെ ശബ്ദം റിക്കോർഡ് ചെയ്തു എന്നാണ് പറയുന്നത്. പക്ഷേ അത് പോലീസിൻ്റെ മുൻപിൽ ഹാജരാക്കിയിട്ടില്ല. ടാബിൽ നിന്ന് ലാപ്ടോപ്പിലേക്ക് മാറ്റി എന്ന് പറയുന്നു. അപ്പോൾ എന്തൊക്കെ കൃതൃമം അതിൽ നടക്കാം എന്നും ദിലീപ് ആശങ്കപ്പെടുന്നു. ടാബ് കേടായി എന്ന് പറയുന്നു. ലാപ്ടോപ് എവിടെ എന്നാണ് ദിലീപിന്റെ ചോദ്യം.
ആകെ ഹാജരാക്കിയിരിക്കുന്നത് പെൻഡ്രൈവ് മാത്രമാണ്. എന്തൊക്കെ കൃത്രിമം അതിൽ നടക്കാം. ഇത്രയും ആളുകൾ അവിടെ ഇരിക്കുമ്പോൾ എങ്ങനെ റെക്കോർഡ് ചെയ്ത് എന്നാണ് ബാലചന്ദ്രകുമാർ പറയുന്നത് എന്ന് ദിലീപ് കോടതിയിൽ വാദിച്ചു. പലഘട്ടങ്ങളിലായി റെക്കോർഡ് നടത്തിയത് എന്ന് പറയുന്നത്. അവിടുന്നും ഇവിടുന്നു ഉള്ള സംഭാഷണ ശകലങ്ങൾ ആണ് എന്നാണ് പറയുന്നത്, അത് എങ്ങനെ കോടതി വിശ്വാസത്തിൽ എടുക്കുമെന്ന് ദിലീപ് ചോദിക്കുന്നു.
അന്വേഷണവുമായി പൂർണമായി സഹകരിച്ചു എന്ന് ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെട്ടെന്ന് പ്രോസിക്യൂഷൻ തിരിച്ചറിഞ്ഞു. പ്രധാന സാക്ഷികൾ പലരും ദിലീപിന് അനുകൂലം ആയി പറഞ്ഞു. അത് മനസ്സിലാക്കിയ പൊലീസിൻ്റെ കളിയാണിതെന്നും ദിലീപ് വാദിക്കുന്നു. വീട്ടിലിരുന്ന കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഡാലോചന ആകും. ദിലീപ് പറയുന്നത് മറ്റ് പ്രതികൾ കേട്ടാൽ ഗൂഡാലോചനയാകുമോ. ശബ്ദരേഖയുടെ ആധികാരികതയെ ദിലീപ് ചോദ്യം ചെയ്തു. ഒരു ദിവസം 24 തവണ റെക്കോഡ് ചെയ്തു എന്നു പറയുന്നു. ഇത്രയും ആൾക്കാരുടെ ഒപ്പമിരിക്കുമ്പോൾ അത് എങ്ങനെ സാധിക്കുമെന്നാണ് ചോദ്യം. എല്ലാം കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്‍റെ വാദം.
ബാല ചന്ദ്രകുമാറിന്‍റെ മൊഴി രാമൻപിളള കോടതിയിൽ വായിച്ചു. ദിലീപിന്‍റെ വീട്ടിൽവെച്ച് പൾസർ സുനിയെ കണ്ട കാര്യങ്ങളാണ് മൊഴിയിൽ ഉളളത്. ആരെങ്കിലും മാപ്പുസാക്ഷിയാകാൻ തയാറായില്ലെങ്കിൽ അയാളെ പിടിച്ച് വിഐപി ആക്കുമെന്നാണ് ദിലീപ് അഭിഭാഷകരുടെ ആക്ഷേപം.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കാണാൻ ദിലീപ് വിളിച്ചെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി, അയാൾ അത് കാണാൻ പോയില്ലെന്ന് പറയുന്നു, ഇത്രയും തെളിവുകൾ ശേഖരിച്ച ബാലചന്ദ്രകുമാർ എന്തുകൊണ്ട് ഇത് റിക്കാർഡ് ചെയ്തില്ല. ദൃശ്യങ്ങൾ പ്രതികൾ കണ്ടു എന്നത് പ്രോസിക്യൂഷൻ നിഗമനം മാത്രമാണെന്നാണ് ദിലീപിന്റെ വാദം. അവർക്ക് ചില തെളിവുകൾ കിട്ടിയെന്നാണ് ഞാൻ മനസ്സിലാക്കുന്നത് എന്ന് കോടതി.
ഇതൊരു തിരക്കഥയെന്ന് ദിലീപ് വാദിക്കുന്നു. ആരാണ് സംവിധായകൻ എന്നാണ് അറിയേണ്ടത്. എന്ത് തെളിവുകൾ ആണ് എന്ന് ഞങ്ങൾക്ക് കൂടി അറിയേണ്ടേ എന്ന് ദിലീപിന്റെ അഭിഭാഷകൻ ചോദിക്കുന്നു. ആല്ലുവ പോലീസ് ലിമിറ്റിൽ ഇരുന്നു ഗൂഢാലോചന നടന്നാൽ അത് ലോക്കൽ പൊലീസ് അല്ലേ അനേഷിക്കേണ്ടതെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ ചോദ്യം. അതല്ലേ സത്യസന്ധൻ ആയ ഒരു ഓഫിസർ ചെയ്യേണ്ടത്. പരാതിക്കാരൻ തന്നെ കേസ് അന്വേഷിക്കുന്ന അവസ്ഥ ആണ് ഇപ്പൊഴെന്ന് ദിലീപ് പരാതിപ്പെടുന്നു. തന്നെ കസ്റ്റഡിയിൽ വേണമെന്ന് പറയുന്നതിൽ രഹസ്യ അജണ്ടയുണ്ട്. പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും നീക്കം നടക്കുന്നു. നടിയെ ആക്രമിച്ച കേസിൽ അതനുസരിച്ച് തെളിവുണ്ടാക്കാനാണ്ശ്രമം. പൾസർ സുനി ഇതുവരെ പറയാത്ത കാര്യമാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയിലുള്ളത്.
പരാതിക്കാരൻ ഇപ്പോഴും കൊച്ചി യൂണിറ്റിൽ ആണോ എന്ന് കോടതി തിരിച്ചു ചോദിച്ചു. ബാലചന്ദ്രകുമാറിന്‍റെ മൊഴി പൂർണമായി കെട്ടിച്ചമച്ചതെന്ന് ദിലീപ് വീണ്ടും വാദിച്ചു. ടാബും ലാപ്ടോപ്പും ഇല്ല. പെൻഡ്രൈവ് മാത്രമേ ഉള്ളൂ അല്ലേ എന്ന് കോടതി ചോദിച്ചു. എന്താണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ കാരണം എന്ന് കോടതി ചോദിച്ചു. ഡിജിപിയോ സർക്കാരോ ആവശ്യപ്പെട്ടാൽ മാത്രമേ ക്രൈം ബ്രാഞ്ച് അന്വേഷിക്കാറുള്ളു എന്ന് ദിലീപിന്റെ അഭിഭാഷകർ മറുപടി നൽകി. ഇത് ഗൂഡാലോചനം നടത്തി അവർ തന്നെ സ്വയം തീരുമാനിച്ചതാണ്. പൊലീസ് രാജ് ആണ് നടക്കുന്നത്, ബാലചന്ദ്രകുമാർ എനിക്ക് അയച്ച സന്ദേശങ്ങൾ ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപ്.
താനുമായി ഒരു സിനിമ ചെയ്യാമോ എന്ന് ബാലചന്ദ്രകുമാർ ചോദിച്ചിരുന്നു, അത് അനൗൺസ് ചെയ്യണമെന്ന് പറഞ്ഞു. അതായിരുന്നു അയാളുടെ ആവശ്യം എന്നും ദിലീപ് വാദിക്കുന്നു.
ബാലചന്ദ്രകുമാറിന് തന്നോട് വിരോധമുണ്ട്. താൻ ബൈജു പൌലോസിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു, ബൈജു പൌലോസിന്‍റെ മൊബൈൽ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന്‍റെ വൈരാഗ്യം ബൈജു പൌലോസിനുണ്ടെന്നാണ് ദിലീപിന്റെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam