
കൊച്ചി: ദിലീപ് (Dileep)ഫോൺ ഡേറ്റ നീക്കിയതിന്റെ നിർണായക തെളിവുകൾ മുംബൈ ലാബിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് അഴിമതി കേസ് പ്രതിയായ മുൻ ആദായനികുതി ഉദ്യോഗസ്ഥനെന്ന് വെളിപ്പെടുത്തൽ. തെളിവ് നശിപ്പിക്കാനായി സഹായിച്ച ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത് മുൻ ആദായ നികുതി ഉദ്യോഗസ്ഥൻ വിൻസന്റ് ചൊവ്വല്ലൂരാണ്. സിബിഐയുടെ അഴിമതികേസിൽ പ്രതിയാണ് മുൻ ഇൻകം ടാക്സ് അസി.കമ്മീഷണറായ വിൻസന്റ് ചൊവ്വല്ലൂർ. അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചതെന്ന് വിൻസന്റ് ചൊവ്വല്ലൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വധഗൂഢാലോചനാ കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകളുണ്ടായിരുന്ന മൊബൈൽ ഫോണുകളെത്തിയ മുംബൈ ലാബിൽ അന്വേഷണ സംഘം പരിശോധന നടത്തി. ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. മൊബൈൽ ഫോണിലെ ഡാറ്റ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരിച്ചത്. ആറ് ഫോണുകളിലേയും വിവരങ്ങൾ ആദ്യം ഒരു ഹാർഡ് ഡിസ്കിലേക്ക് ലാബിൽ നിന്നും മാറ്റിയിരുന്നു. അതിന്റെ മിറർ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഫോണുകളിലെ ഡാറ്റ പകർത്തിയ ഹാർഡ് ഡിസ്കിന്റെ മിറർ കോപിക്ക് പുറമേ, ഫോണുകൾ കൊറിയർ ചെയ്തതിന്റെ ബിൽ, ലാബ് തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ട് എന്നിവയടക്കമുള്ള തെളിവുകളാണ് ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ നശിപ്പിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചേക്കും. തെളിവ് നശിപ്പിച്ചതിന് ലാബിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.
കേസിൽ നിർണായകമായ മൊബൈൽ ഫോൺ ഡേറ്റകൾ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുംബൈ ലാബിൽ കൊണ്ടുപോയി വിവരങ്ങൾ നീക്കിയ ശേഷമാണ് ഫോണുകൾ കോടതിക്ക് കൈമാറിയെന്നാണ് ഫൊറൻസിക് റിപ്പോർട്ടിലുള്ളത്. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂർവം ശ്രമിച്ചു എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപിന്‍റെയും സഹോദരൻ അനൂപിന്‍റെയും സഹോദരീ ഭർത്താവ് സുരാജിന്‍റെയും അടക്കം ആറു ഫോണുകളാണ് സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. ഈ പരിശോധനയിലാണ് വിവരങ്ങൾ നീക്കം ചെയ്തെന്ന് തെളിഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam