വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം

Published : Dec 07, 2025, 02:54 PM ISTUpdated : Dec 08, 2025, 12:08 AM IST
dileep case

Synopsis

5 തവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെ തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. രണ്ട് പ്രോസിക്യൂട്ടർമാർ പിൻമാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണത്തിൽ ജില്ലാ ജഡ്ജിപോലും സംശയ നിഴലിലായെന്നതും വർത്തമാന കേരളം കണ്ട കാഴ്ചയാണ്

കൊച്ചി: അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിലും ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണക്കിടെ പല ആവശ്യങ്ങളുന്നയിച്ച് തൊണ്ണൂറോളം ഹർജികളാണ് ദിലീപ് സുപ്രിംകോടതി വരെ ഫയൽ ചെയ്തത്. നടിയും കോടതികയറി ഇറങ്ങിയതിന് കയ്യും കണക്കുമില്ല. 5 തവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെ തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. രണ്ട് പ്രോസിക്യൂട്ടർമാർ പിൻമാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണത്തിൽ ജില്ലാ ജഡ്ജിപോലും സംശയ നിഴലിലായെന്നതും വർത്തമാന കേരളം കണ്ട കാഴ്ചയാണ്.

തൊണ്ണൂറോളം ഹർജി നൽകി ദിലീപ്

2017 ൽ കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് ഇരുപത് ഹര്‍ജികളാണ്. സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നത് തടയണം അങ്ങനെ തുടങ്ങി നിരവധി ഹർജികളാണ് കോടതിയിലെത്തിയത്. 2020 ല്‍ വിചാരണ തുടരവെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കി. ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയിലും പോയി. ഒടുവില്‍ ഹര്‍ജി തന്നെ പിന്‍വലിച്ചു. ബാലചന്ദ്ര കുമാറിന്‍റെ മൊഴിപ്രകാരം കോടതി ഉത്തരിവട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യ ഹർജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്‍റെ പകര്‍പ്പ് വേണമെന്നായി. ഒടുവില്‍ ദിലീപിന്‍റെ ആവശ്യം തുടരന്വേഷണം റദ്ദാക്കണമെന്നായി. ഇത് മുൻനിർത്തിയും ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ നടി കക്ഷി ചേര്‍ന്നുള്ള ഇടപെടലും കേരളം കണ്ടു. അങ്ങനെ മൊത്തം തൊണ്ണൂറോളം ഹര്‍ജികളാണ് വിചാരണവേളയിൽ ഉടനീളമായി ദിലീപ് നല്‍കിയത്.

വിട്ടുകൊടുക്കാത്ത പോരാട്ടവുമായി നടി

നടിയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെ തന്നെ കോടതി വിചാരണക്ക് നിയോഗിച്ചത്. സാക്ഷി വിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചു. ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസ ഹര്‍ജിയുമായി നടിയുമെത്തി. മെമ്മറിക്കാർഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു ആക്രമിക്കപ്പെട്ട നടി. ഈ ഇടപെടലിലാണ് കേസ് ആദ്യം പരിഗണിച്ച ജില്ലാ ജഡ്ജി പോലും സംശയ നിഴലിലായത്. ഒടുവില്‍ വസ്തുത അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്‍ഡ് മൂന്ന് തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നായി ആവശ്യം. ഇത് മേല്‍ക്കോടതികള്‍ നിരസിച്ചതോടെ തന്‍റെ സ്വകാര്യക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്തയക്കാനും മടിച്ചുനിന്നില്ല നടി. ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തില്‍ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്‍കി. അഞ്ച് തവണയാണ് കേസില്‍ വിചാരണ നീട്ടിവച്ചത്. കൊവിഡിനെ തുടര്‍ന്ന് വിചാരണ നീണ്ടതും, ബാലചന്ദ്രകുമാറിന്‍റെ പരാമര്‍ശത്തിലുള്ള തുടരന്വേഷണവുമെല്ലാം കാരണമായി. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ ഇടക്കുവച്ച് ഒഴിവായതും മൂന്നാമത്തെയാള്‍ക്കായുള്ള കാത്തിരിപ്പുമെല്ലാം വിചാരണയുടെ മെല്ലപോക്കിന് കാരണമായി. ഒടുവിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് തിങ്കളാഴ്ച വിധി കുറിക്കുമ്പോൾ കേരളം ഉറ്റുനോക്കുകയാണ്. നടിയെ ആക്രമിച്ച കുറ്റവാളികളുടെ വിധിയെന്ത് എന്നറിയാനായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി