
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ, പാസ്‌പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ അപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വന്നത്. നിലവിൽ ഇത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ്.
എന്നാൽ, ദിലീപിന് പാസ്‌പോർട്ട് വിട്ടുനൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകാൻ ഒരുങ്ങുകയാണ് തങ്ങളെന്നും, അതിനാൽ പാസ്‌പോർട്ട് വിട്ടുനൽകരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. പാസ്‌പോർട്ട് വിട്ടുനൽകണമെന്ന ദിലീപിന്റെ ആവശ്യം കോടതി പരിഗണിക്കാനിരിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികൾ മാത്രമാണ് കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തൽ. ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഉച്ചയ്ക്ക് പതിനൊന്നരയോടെ ആറ് പ്രതികളെയും പ്രത്യേക സുരക്ഷയിൽ കോടതിയിലെത്തിച്ചു. വിധിക്ക് മുൻപായി പ്രതികൾക്ക് പറയാനുള്ളത് കേട്ട കോടതിയിൽ പലരും വികാരാധീനരായി. ശിക്ഷാവിധിക്ക് മുൻപ് കോടതി സംസാരിച്ചപ്പോൾ, ഒന്നാം പ്രതി പൾസർ സുനിൽ (സുനിൽ കുമാർ) ഭാവഭേദമൊന്നുമില്ലാതെയാണ് പ്രതികരിച്ചത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നും അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നും സുനിൽ കോടതിയെ അറിയിച്ചു. എന്നാൽ, രണ്ടാം പ്രതിയായ ഡ്രൈവർ മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. താൻ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാർട്ടിൻ ആവർത്തിച്ചു. ചെയ്യാത്ത തെറ്റിനാണ് താൻ ജയിലിൽ കഴിഞ്ഞതെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും മാർട്ടിൻ കോടതിയോട് അപേക്ഷിച്ചു. ഈ കേസിൽ ആദ്യം അറസ്റ്റിലായതും മാർട്ടിനായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam