Dileep Case : ചോദ്യംചെയ്യല്‍ രണ്ടാംദിനം; ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി, കോള്‍ വിവരങ്ങള്‍ പരിശോധിക്കുന്നു

By Web TeamFirst Published Jan 24, 2022, 9:13 AM IST
Highlights

ദിലീപിനെയും അനൂപിനെയും സുരാജിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ തീരുമാനം.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാന്‍ ​ഗൂഢാലോചനയെന്ന കേസില്‍ ദിലീപിനെയും (Dileep) പ്രതികളെയും ചോദ്യംചെയ്യുന്നത് തുടങ്ങി. രണ്ടാംദിനം ചോദ്യംചെയ്യലിനായി രാവിലെ 9 മണിക്കാണ് ദിലീപ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. ദിലീപിനൊപ്പമാണ് സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജുമെത്തിയത്. ദിലീപിന്‍റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.

ദിലീപിനെയും അനൂപിനെയും സുരാജിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യംചെയ്യുന്നത്. മൂന്നുപേരുടെയും ഇന്നലത്തെ മൊഴിയില്‍ നിരവധി പൊരുത്തുക്കേടുകളുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. മൂന്ന്  പേരും ഗൂഢാലോചനയിലെ പ്രധാന കണ്ണികളെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്. ദിലീപിന്‍റേതടക്കം അഞ്ച് പ്രതികളുടെയും കോൾ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഒരാഴ്ച്ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുക. സാക്ഷികൾ ഉൾപ്പെടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടു എന്നന്വേഷിക്കും.

കൊലപാതക ഗൂഡാലോചന സംബന്ധിച്ച് ദിലീപിനും കൂട്ടുപ്രതികൾക്കും പറയാനുളളത് മുഴുവൻ കേൾക്കുകയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചെയ്തത്. ദിലീപ് സഹകരിച്ചെന്ന് ഉദ്യോഗസ്ഥർ പരസ്യമായി പറയുമ്പോഴും വിശദീകരണം ആവശ്യപ്പെട്ട ചില കാര്യങ്ങളിലെ ദിലീപിന്‍റെ നിഷേധാത്മക നിലപാട് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നുണ്ട്. കൊലപാതക ഗൂഡാലോചന സംബന്ധിച്ച് അഞ്ച് പ്രതികളും വെവ്വേറെ മുറികളിലിരുന്ന് പറഞ്ഞ മൊഴിയിലെ പൊരുത്തവും പൊരുത്തക്കേടുകളും മുൻനിർത്തിയാവും ഇന്നത്തെ ചോദ്യം ചെയ്യൽ. 

click me!